മുടപുരം: പാലുത്പാദനം വർദ്ധിപ്പിച്ച് ക്ഷീരമേഖലയ്ക്ക് ഉണർവ് നൽകുന്ന പദ്ധതിക്ക് അഴൂർ ഗ്രാമപഞ്ചായത്തിൽ ഈ വർഷം തുടക്കമാകും. സംസ്ഥാന സർക്കാരിന്റെ ക്ഷീരഗ്രാമം പദ്ധതിയിലൂടെ 50 ലക്ഷം രൂപയുടെ വികസനമാണ് നടപ്പാക്കുന്നത്. മിൽക്ക് ഡെവലപ്മെന്റ് പ്രോഗ്രാം വഴി ഒരുവർഷം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരുങ്ങുഴി ക്ഷീരസംഘത്തിനാണ് നടത്തിപ്പ് ചുമതല.
സംസ്ഥാനത്തെ 25 ഗ്രാമ പഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ അഴൂർ ഗ്രാമപഞ്ചായത്തിന് പുറമേ കരകുളത്തും ഇത് നടപ്പാക്കുന്നുണ്ട്. ചെലവിന്റെ 50 ശതമാനം സബ്സിഡി ലഭിക്കുന്ന പദ്ധതിയിലൂടെ നഷ്ടത്തിൽ വലയുന്ന ക്ഷീര കർഷകർക്ക് ആശ്വാസവും സാമ്പത്തിക അഭിവൃദ്ധിയും സൃഷ്ടിക്കാനാകും. പശുക്കളുടെ എണ്ണത്തിന് അനുസരിച്ചാണ് കർഷകർക്ക് സബ്സിഡ് നനൽകുന്നത്. കറവയന്ത്രം വാങ്ങുന്നതിനുള്ള സബ്സിഡി, തൊഴുത്ത് നവീകരണം, കറവ യന്ത്രത്തിന്റെ തകരാറ് പരിഹരിക്കൽ, തീറ്റസൂക്ഷിക്കുന്നതിനുള്ള മുറി നിർമ്മിക്കൽ, സൗജന്യ ധാതുലവണ മിശ്രിത വിതരണം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
പദ്ധതി നടത്തിപ്പ് ഇങ്ങനെ
01. 2 പശുക്കളുള്ള യൂണിറ്രിൽ 30 കർഷകർക്ക് 69000 രൂപ വീതം സബ്സിഡി
02. 5 പശുക്കളുള്ള യൂണിറ്രിൽ 4 കർഷകർക്ക് 1.84 ലക്ഷം രൂപവീതം
03. ഒരു കറവ പശുവും ഒരു കിടവുമുള്ള യൂണിറ്രിൽ 10 കർഷകർക്ക് 53000 രൂപവീതം
04. 3 കറവ പശുവും 3 കന്നുക്കുട്ടിയുമുള്ള യൂണിറ്രിൽ 3 കർഷകർക്ക് 1 .50 ലക്ഷം രൂപവീതം
05. കറവയന്ത്രം വാങ്ങുന്നതിന് 5 കർഷകർക്ക് 25000 രൂപവീതം
06. തൊഴുത്ത് മെയിന്റനൻസ്, കറവ യന്ത്രത്തിന്റെ തകരാറു പരിഹരിക്കൽ, തീറ്റ സൂക്ഷിക്കുന്നതിനുള്ള മുറി എന്നിവയ്ക്കായി 18 യൂണിറ്റിന് 50000 രൂപ വീതം സബ്സിഡി
07. തൊഴുത്ത് നിർമ്മാണത്തിന് രണ്ട് കർഷകർക്ക് 50000 രൂപ വീതം സബ്സിഡി
08. ധാതുലവണ മിശ്രിതം സൗജന്യമായി നൽകുന്നതിന് 154 യൂണിറ്റുകൾക്കായി 63000 രൂപ
"സംസ്ഥാന സർക്കാരിന്റെ ഈ പദ്ധതി കർഷകർക്ക് വളരെയേറെ ആശ്വാസമാണ്. കർഷകരുടെ മുന്നേറ്റത്തിന് ഇത് വഴി തെളിക്കും. ഇത് നടപ്പാക്കുന്നതിന് മുൻകൈയെടുത്ത മന്ത്രി കെ. രാജുവിനും അഴൂർ പഞ്ചായത്തിന് ഈ പദ്ധതി ലഭ്യമാക്കിയ ഡപ്യൂട്ടി സ്പീക്കർ വി. ശശിക്കും ക്ഷീരകർഷരുടെ പേരിൽ അഭിനന്ദനം അറിയിക്കുന്നു."
പി. പ്രശാന്ത്, പ്രസിഡന്റ് പെരുങ്ങുഴി ക്ഷീരോത്പാദക സഹകരണ സംഘം