1

തിരുവനന്തപുരം: അടിത്തട്ട് ഇളകിയ പേട്ട റെയിൽവേ ഓവർബ്രിഡ്‌ജ് അപകടാവസ്ഥയിൽ. പള്ളിമുക്കിൽ നിന്നും പേട്ട ജംഗഷനിലേക്ക് പോകുന്ന ഭാഗത്ത് കെട്ടി ഉയർത്തിയിരിക്കുന്ന കൂറ്റൻ കരിങ്കൽ കെട്ടിലെ പാറകൾ ഉളകിവീണാണ് ഓവർബ്രിഡ്ജ് അപകടാവസ്ഥയിലായത്. മഴ ശക്തമായതോടെയാണ് കരിങ്കല്ലുകൾ ഇളകി പാലത്തിന് താഴെയുള്ള ഇടവഴിയിലേക്ക് വീണത്. പാറകൾ അടർന്ന് അടിത്തട്ടിലെ മണ്ണ് ഇളകിയതോടെ പാലത്തിന് ബലക്ഷയം സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. ഹോർട്ടികോർപ്പിന്റെ പച്ചക്കറി കടയ്ക്ക് മുന്നിലൂടെ പോകുന്ന ആൾ സഞ്ചാരം കുറവുള്ള ഇടവഴിയിലാണ് പാറകൾ ഇളകിവീഴുന്നത്. നാട്ടുകാരുടെ ശ്രദ്ധ എത്താത്ത സ്ഥലമായതോടെ അധികൃതരും ഇവിടെ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നു. മഴ തുടർന്നാൽ പാറകൾ ഇനിയും വീഴാൻ സാദ്ധ്യതയേറെയാണ്. റോഡ് ഇടിഞ്ഞുതാണ് വലിയ അപകടം സംഭവിക്കുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക. കരിങ്കൽ കെട്ടിന് മുകളിലെ പാലത്തിലേക്കുള്ള റോഡിലൂടെ ദിനംപ്രതി നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇതിനുപുറമേ ധാരാളം കാൽനട യാത്രക്കാരും സഞ്ചരിക്കുന്നുണ്ട്. പാലത്തിന്റെ ഭാഗമായി റോഡിന് ഇരുവശങ്ങളിലുമുള്ള കരിങ്കൽ കെട്ടിൽ ആൽമരത്തൈകൾ തഴച്ചു വളരുന്നതും ബലക്ഷയമുണ്ടാകാൻ കാരണമാണ്‌. വാഹനങ്ങൾ ഇടിച്ച് പാലത്തിന്റെ കൈവരികളും തകർന്ന നിലയിലാണ്. അടിത്തട്ട് തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ ബി.ജെ.പി അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

''

റെയിൽവേ ഉദ്യോഗസ്ഥന്മാർക്ക് പരാതി നൽകി,​ അവർ പരിശോധിച്ച് നടപടി ഉടൻ സ്വീകരിക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെയും ഒന്നും നടന്നിട്ടില്ല. പൊതുമരാമത്ത് വകുപ്പും റെയിൽവേയുമാണ് ഇതിന്റെ നടപടികൾ സ്വീകരിക്കേണ്ടത്. പാലത്തിന്റെ കൈവരികളും തകർന്ന നിലയിലാണ്. ഇതിൽ നഗരസഭയ്ക്ക് ഒന്നും ചെയ്യാനില്ല.

കൗൺസിലർ ഡി. അനിൽകുമാർ