തിരുവനന്തപുരം : സംസ്ഥാനത്ത് 108 ആംബുലൻസുകൾ നിരത്തിലിറക്കിയതിന് പിന്നിൽ വൻഅഴിമതി നടന്നതായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുന്നൂറ്റിപതിനഞ്ച് 108 ആംബുലൻസുകളുടെ കരാർ ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ കമ്പനിക്ക് നൽകിയത് മന്ത്രി കെ.കെ.ശൈലജയുടെ പ്രത്യേക താത്പര്യത്തിലാണ്. ആരോഗ്യമന്ത്രി ഇടപെട്ട് കരാർ വ്യവസ്ഥകളിൽ ഇളവുകൾ നൽകി. ജി.വി.കെ എന്ന കമ്പനി മാത്രമാണ് ബിഡിൽ പങ്കെടുത്തത് എന്നാൽ റീടെൻഡർ പോലുമില്ലാതെ ഉയർന്ന തുകയ്ക്ക് കരാർ നൽകി.
സാധാരണ ആംബുലൻസുകൾ 10 കിലോമീറ്ററിന് 600 രൂപയ്ക്ക് സർവീസ് നടത്തുമ്പോൾ 108 ആംബുലൻസുകൾക്ക് 2240 രൂപയ്ക്കാണ് നൽകിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന തുകയാണിത്. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങൾ കൺട്രോൾ റൂമിന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന കരാർവ്യവസ്ഥ ലംഘിച്ചാണ് ആംബുലൻസുകളുടെ പ്രവർത്തനം. ആറൻമുളയിൽ കൊവിഡ് ബാധിതയായ പെൺകുട്ടി ആംബുലൻസിൽ പീഡനത്തിനിരയായ സാഹചര്യത്തിൽ ഇത്തരം വീഴ്ചകൾ ഗൗരവത്തോടെ കാണണം. ആംബുലൻസിൽ ഡ്രൈവർക്കൊപ്പം എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻെറ സേവനവും ഉറപ്പാക്കണമെന്നും കരാറിലുണ്ട്. എന്നാൽ കൊവിഡ് കാലത്ത് ടെക്നിഷ്യന്റെ സേവനം ഉപയോഗിച്ചില്ല. ജി.പി.എസ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഒഴിവാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്നതിന് വ്യക്തമായ മറുപടിയില്ലെന്നും മാത്യുകുഴൽനാടൻ പറഞ്ഞു.