g

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ പാലത്തിലെ അപ്രോച്ച് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. പെരുമാതുറ നിന്നും അഞ്ചുതെങ്ങ് താഴംപള്ളി ഭാഗത്തേക്ക് പോകുന്ന അപ്രോച്ച് റോഡിന്റെ ഒരു ഭാഗമാണ് കുടുങ്ങി താഴ്ന്ന് അപകടാവസ്ഥയിലായിരിക്കുന്നത്. തിരുവനന്തപുരം-കൊല്ലം പോകുവാൻ കിലോമീറ്ററുകളോളം ലാഭിക്കുന്ന ജില്ലയിലെ പ്രധാന തീരദേശ പാതയ്ക്കാണ് ഈ ദുർഗതി. ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഈ പാത വഴി കടന്ന് പോകുന്നത്. ചരിത്ര പ്രാധാന്യമുള്ള അഞ്ചുതെങ്ങ്, വർക്കല തുടങ്ങിയ പ്രദേശങ്ങളെ പെരുമാതുറയെയും-താഴംപള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അഞ്ചുതെങ്ങ് മുതലപ്പൊഴി പാലം 2015 ലാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. നിർമ്മാണത്തിലെ പിശകും കനത്ത മഴയും റോഡിന്റെ ദുർഗതിക്ക് കാരണമായെന്നാണ് പ്രദേശവാസികൾ പറയുന്നത്. അടിയന്തരമായി അപകടാവസ്ഥക്ക് പരിഹാരം ഉണ്ടാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.