തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയ സ്ഥിതിക്ക് അന്തസ്സുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആദ്യം പാർട്ടി സെക്രട്ടറിയുടെ മകനെ ഇ.ഡി ചോദ്യം ചെയ്തു. ഇപ്പോൾ മന്ത്രിയുടെ പുത്രനെതിരെയും ആരോപണം ഉയർന്നിരിക്കുന്നു. ഇനി ആരുടെയെല്ലാം മകന്റെയും മകളുടെയുമൊക്കെ രഹസ്യങ്ങളാണ് പുറത്തു വാരൻ പോകുന്നതെന്ന് കാണാം.
ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം രാജേന്ദ്രൻ കാശിക്കുപോയോയെന്നും ഈ സംഭവങ്ങളിൽ പ്രതികരിക്കാതെ സി.പി.ഐ മാളത്തിലൊളിച്ചോയെന്നും ചെന്നിത്തല ചോദിച്ചു.
ലൈഫ് മിഷനിൽ മന്ത്രി പുത്രൻ കമ്മിഷൻ നേടിയോയെന്ന് സർക്കാർ വ്യക്തമാക്കണം. സ്വപ്‌നയുമായി മന്ത്രി പുത്രന് ബന്ധമെന്താണ്. മന്ത്രി ജലീൽ തെറ്റ് ചെയ്തപ്പോഴെല്ലാം മുഖ്യമന്ത്രി സംരക്ഷിച്ചു. പഠിച്ച കള്ളന്മാരേക്കാൾ മിടുക്കനാണ് താനെന്ന് ജലീൽ തെളിയിച്ചിരിക്കുകയാണ്. വസ്തുതകൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ജലീലിന് രക്ഷപ്പെടാനാകില്ല.
ഇ.ഡിക്ക് രാഷ്ട്രീയ താത്പര്യമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയത്. പാർട്ടി സെക്രട്ടറിയുടെ മകനെയും മന്ത്രിസഭയിലെ അംഗത്തെയും ചോദ്യം ചെയ്തപ്പോഴാണ് ഈ ബോധം സി.പി.എമ്മിനുണ്ടായത്. അന്വേഷണം തുടരുമ്പോൾ ആരുടെയെല്ലാം നെഞ്ചിടിപ്പാണ് ഉയരുന്നതെന്ന് കാണാമെന്നു പറഞ്ഞ മുഖ്യമന്ത്രി എവിടെയാണ്. ദിവസങ്ങൾ കഴിയുന്തോറും സർക്കാരിനെതിരായ അഴിമതികൾ ഒരോന്നായി പുറത്തുവരികയാണ്.
ആരോപണങ്ങളിൽ കുളിച്ചു നിൽക്കുന്ന മന്ത്രിസഭയുടെ രാജി ആവശ്യപ്പെട്ട് 22ന് സെക്രട്ടേറിയറ്റിനും കളക്ടറേറ്റുകൾക്കും മുന്നിൽ യു.ഡി.എഫ് സത്യാഗ്രഹമിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.