ആറ്റിങ്ങൽ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള മത്സ്യക്കൃഷി പരിപാലനത്തിനും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ് യൂണിറ്റ് രൂപീകരിച്ചു. ഇതിനായി നഗരസഭയുടെ നേതൃത്വത്തിൽ 6000 രൂപ ചെലവിൽ എക്‌സ്‌പ്ലോറർ 300 എന്ന മിനി ലൈഫ് ബോട്ട് വാങ്ങിനൽകി. നഗരസഭ കൊട്ടിയോട് വാർഡിലെ മഠത്തിൽ കുളത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ എം. പ്രദീപ് ലൈഫ് ബോട്ടിന്റെ തുഴ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രന് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.
മത്സ്യകൃഷിയുടെ ഭാഗമായി പട്ടണത്തിലെ നിരവധി കുളങ്ങളാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഏറ്റെടുത്തത്. പ്രതികൂല കാലാവസ്ഥയിൽ കുളത്തിൽ ഇറങ്ങിയുള്ള പരിപാലനം വെല്ലുവിളി ആയതിനാലാണ് യൂത്ത് ബ്രിഗേഡ് എന്ന ആശയം ആവിഷ്കരിച്ചത്. പരിശീലനം നേടിയ യുവാക്കളുടെ സംഘം പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനം നടത്താനും സജ്ജമാണ്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സംഗീത്, ട്രഷറർ പ്രശാന്ത്, മേഖലാ കമ്മിറ്റി അംഗങ്ങളായ രതീഷ്, ശരത്, മിഥുൻ, വിനീത്, ആർ.കെ. ശ്യാം എന്നിവർ പങ്കെടുത്തു.