df

വർക്കല: കൊവിഡിനെ തുടർന്ന് പാപനാശം തീരത്തെ റിസോർട്ടുകളും കച്ചവട സ്ഥാപനങ്ങളും പൂട്ടിയതോടെ തൊഴിലാളികളുടെയും നടത്തിപ്പുകാരുടെയും ജീവിതം പ്രതസന്ധിയിൽ. ചിലക്കൂർ മുതൽ കാപ്പിൽ വരെയുള്ള തീരമേഖലയിൽ ആയിരത്തി അഞ്ഞൂറോളം ചെറുതും വലുതുമായ റസോർട്ടുകളും ഹോം സ്റ്റേകളും കച്ചവട സ്ഥാപനങ്ങളുമുണ്ടായിരുന്നു. ലോക്ക് ഡൗണിൽ സഞ്ചാരികൾ തീരം വിട്ടതോടെയാണ് ഇവരുടെ കഷ്ടകാലം തുടങ്ങിയത്.

ടൂറിസത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന പാപനാശം ടൂറിസം മേഖലയിലെ ഓട്ടോ, ടാക്സി തൊഴിലാളികളും, റിസോർട്ടുകളിലും ഹോം സ്റ്റേകളിലും ഹോട്ടലുകളിലും ഉൾപ്പെടെ മറ്റ് കച്ചവടസ്ഥാപനങ്ങളിൽ പണിയെടുത്തിരുന്നവരും പെരുവഴിയിലായി. ബാങ്ക് വായ്പയെടുത്തും, വട്ടി പലിശയ്ക്ക് കടം വാങ്ങിയും കച്ചവടം തുടങ്ങിയവർ തിരിച്ചടക്കാനാവാതെ പ്രതിസന്ധിയിലാണ്. ടൂറിസം വകുപ്പും സംസ്ഥാന സർക്കാരും പാപനാശം ടൂറിസം മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനു വേണ്ടി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നാണ് ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്.

 ആരവമൊഴിഞ്ഞ തീരം

തിരക്കൊഴിഞ്ഞ പാപനാശം തീരം ഇന്ന് മൂകമാണ്. കേന്ദ്രത്തിന്റെ അൺലോക്ക് മാർഗ നിർദ്ദേശങ്ങനുസരിച്ച് ഗോവയും രാജസ്ഥാനും കർണാടകയും തമിഴ്നാടും മഹാരാഷ്ട്രയും വിനോദ സഞ്ചാരമേഖല തുറന്നിരുന്നു. കൊവി‌ഡിനെ തുടർന്ന് അടച്ചിട്ട ടൂറിസം മേഖല മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ അനുവദിക്കണമെന്നാണ് വർക്കല ടൂറിസം ഡെവലപ്പ്മെന്റ് അസോസിയേഷനും ആവശ്യപ്പെടുന്നത്. നവംബർ മുതൽ ആറുമാസംവരെ നീളുന്ന പുതിയ സീസണിൽ തീരം പ്രവർത്തന സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.