ആറ്റിങ്ങൽ: ലൈഫ് പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും ഭൂമി നൽകി കേരളത്തിന് മാതൃകയാകുന്നു. കൂടാതെ മറ്റ് വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ഭൂമി നൽകിയെന്ന പേരും ആറ്റിങ്ങലിനു തന്നെ. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 27 പേർക്ക് ഭൂമിയുടെ ആധാരം വീട്ടിലെത്തി കൈമാറുന്ന ചടങ്ങ് ഇന്ന് വൈകിട്ട് 4 ന് വിളയിൽ മൂല സുഗതൻ കോളനിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ എം. പ്രദീപ് സ്വാഗതം പറയും. ആർ. രാജു, എസ്. ജമീല, അവനവഞ്ചേരി രാജു,എ. റുഖൈനത്ത്, സി. പ്രദീപ്,എം. അനിൽകുമാർ, ആർ. രാമു, സി.എസ്. ജയചന്ദ്രൻ, എസ്. സന്തോഷ്, അഡ്വ. സി.ജെ. രാജേഷ് കുമാർ, ജി. തുളസീധരൻ പിള്ള എന്നിവർ സംസാരിക്കും. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ നന്ദിപറയും. ലൈഫ് മിഷന്റെ മാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും പാലിച്ച് നഗരസഭ അർഹരായവരെ കണ്ടെത്തി കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ച 122 പേരെയാണ് പദ്ധതിയൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും സ്വന്തമായി ഭൂമിയും വീടും നൽകുക എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ ഇതുവരെ 701 വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഇതിൽ 260 വീടുകൾ പട്ടികജാതി വിഭാഗത്തിനാണ് നൽകിയത്. ഈ പദ്ധതിയുടെ അവസാന ഘട്ടത്തിന്റെ ഭാഗമായി ഭൂമി വാങ്ങി വീട് നിർമ്മിച്ച് നൽകുകയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അർഹരായ 122 പേരെ കണ്ടെത്തുകയും അതിൽ 27 പേർക്ക് ഇപ്പോൾ ഭൂമി നൽകുന്നതും. അവശേഷിക്കുന്നവർക്കും ഈ വർഷം തന്നെ ഭൂമി നൽകും. ഒപ്പം വീടും നിർമ്മിച്ച് നൽകുമെന്ന് ചെയർമാൻ പറഞ്ഞു.