തിരുവനന്തപുരം: നഗരസഭ പൂന്തുറ വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ആയുഷ് ഹോളിസ്റ്റിക് സെന്റർ, ഹൈടെക് മാർക്കറ്റ്, മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള മീറ്റിംഗ് ഹാൾ, വൃദ്ധ സദനം, പി.എസ്.സി സ്റ്റഡി സെന്റർ എന്നിവയുടെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ചാണ് ചേരിയമുട്ടത്ത് ഹൈ ടെക് മാർക്കറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷവും സർക്കാർ വിഹിതമായ 45 ലക്ഷം രൂപയും ചെലവഴിച്ചാണ് ആയുഷ് ഹോളിസ്റ്റിക് സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ആയുഷ് ഹോളിസ്റ്റിക് സെന്ററിൽ ആയുർവേദ, സിദ്ധ, യൂനാനി, ഹോമിയോ എന്നീ ചികിത്സകൾ ലഭ്യമാവും. പൂന്തുറ മാർക്കറ്റിന് സമീപം നിർമ്മാണം പൂർത്തീകരിച്ച വൃദ്ധ സദനത്തിന്റെ ചെലവ് 21 ലക്ഷം രൂപയാണ്. പി.എ.സ്.സി സ്റ്റഡി സെന്ററിന് 17 ലക്ഷവും മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള മീറ്റിംഗ് ഹാളിന്റെ നിർമ്മാണച്ചെലവ് 15 ലക്ഷവുമാണ്. കൗൺസിലർ പീറ്റർ സോളമൻ പങ്കെടുത്തു.