വെള്ളറട: മലയോരമേഖലയിൽ നീറ്റ് പരീക്ഷയ്ക്ക് കുന്നത്തുകാൽ ശ്രീചിത്തിരതിരുനാൾ സ്കൂളിൽ മാത്രമാണ് പരീക്ഷയ്ക്ക് സെന്റർ ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത് ഇവിടെയാണ്. സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പരീക്ഷയെഴുതാനെത്തിയ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. സ്കൂളിന്റെ നൂറടി അകലെ വച്ചുതന്നെ ചിട്ടയോടെ കുട്ടികളെ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചു. വാഹനങ്ങളിൽ എത്തിയ രക്ഷാകർത്താക്കൾക്ക് വിശ്രമിക്കാനും വാഹനങ്ങൾ പാർക്കുചെയ്യാനും കുന്നത്തുകാൽ ജംഗ്ഷനിൽ ഒരു വിവാഹ മണ്ഡപം വാടകയ്ക്ക് എടുത്ത് സൗകര്യപ്രധമായ പാർക്കിംഗ് ഒരുക്കി. നെയ്യാറ്റിൻകര ഡെപ്യൂട്ടി തഹസീൽദാർ, വെള്ളറട സി.ഐ എം. ശ്രീകുമാർ, എസ്.ഐ സതീഷ് ശേഖർ തുടങ്ങിയവരും സൗകര്യമൊരുക്കാനെത്തിയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ, സെന്റർ സൂപ്രണ്ടായ എസ്. പുഷ്പവല്ലി എന്നിവരുടെ നേതൃത്വത്തിൽ ഒരു കൂട്ടം അദ്ധ്യാപകർ പരീക്ഷാർത്ഥികളുടെ പരിശോധനകൾക്ക് നേതൃത്വം നൽകി. സ്കൂളിന്റെ പ്രവർത്തനം മാതൃകാപരമായിരുന്നുവെന്ന് പരീക്ഷ നടത്തിപ്പിനെത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു.