തിരുവനന്തപുരം: യുവാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പേട്ട പൊലീസ് അറസ്റ്റുചെയ്‌തു. കരിക്കകം സ്വദേശി സിത്താര ചന്ദ്രൻ (38),​ ഭർത്താവ് സുജിത്ത് കൃഷ്‌ണൻ (44) എന്നിവരാണ് പിടിയിലായത്. പാപ്പനംകോട് സ്വദേശി ശങ്കറിനെ ആഗസ്റ്റ് 27ന് ബേക്കറി ജംഗ്ഷനിൽ വച്ച് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. ശങ്കറിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്‌തത്.

പൊലീസ് പറയുന്നത്

17 കേസുകളിൽ പ്രതിയായ സുജിത്ത് കൃഷ്‌ണന്റെ ആദ്യകാല സഹായിയായിരുന്നു ശങ്കർ. പൊലീസ് കേസുകൾ കാരണം വീട്ടുകാരുടെ നിർബന്ധത്തിൽ ശങ്കർ സുജിത്തുമായുള്ള സൗഹൃദം ഒഴിവാക്കി. ശങ്കർ ഒഴിവായാൽ രഹസ്യങ്ങളെല്ലാം പുറം ലോകംമറിയുമെന്നും ഇതുകൊണ്ടാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. കാറോടിച്ചിരുന്നത് ഭാര്യ സിത്താര ചന്ദ്രനാണെന്ന് പൊലീസ് പറഞ്ഞു. 4 വർഷം പട്ടാളത്തിൽ ജോലി ചെയ്‌തിരുന്ന സുജിത്ത് പലർക്കും പലിശയ്‌ക്ക് പണം നൽകിയിരുന്നു. പണം തിരികെ നൽകാത്തവരുടെ വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്‌തതായും പൊലീസ് പറഞ്ഞു. കൂടുതൽ കേസുകളുടെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പേട്ട സി.ഐ ഗിരിലാലും എസ്.ഐ ഗോപകുമാറും വ്യക്തമാക്കി. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും ഇവരെ കുടുക്കിയതാണെന്നും ബന്ധുക്കൾ ആരോപിച്ചു.