തിരുവനന്തപുരം: വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ കരുത്ത് തെളിയിച്ച അഞ്ച് യുവമുഖങ്ങളാണ് ഇന്നലെ പ്രഖ്യാപിച്ച കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ആറ്റിപ്ര അനിൽ, ജോൺ വിനേഷ്യസ്, ആർ.വി. രാജേഷ്, വിനോദ് കൃഷ്ണ, പി.എസ്. പ്രശാന്ത് എന്നിവർ. ഇവരെ കൂടാതെ, സെക്രട്ടറിമാരിൽ പതിനേഴ് പേർ തലസ്ഥാന ജില്ലക്കാരാണ്. പുതിയ പത്ത് ജനറൽസെക്രട്ടറിമാരിൽ മുൻ കെ.ടി.ഡി.സി അദ്ധ്യക്ഷനായ വിജയൻ തോമസും തലസ്ഥാന ജില്ലക്കാരനാണ്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് സമരമുഖങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽസെക്രട്ടറിയും മുൻ വൈസ് പ്രസിഡന്റും കെ.പി.സി.സിയുടെ മുൻ എക്സിക്യൂട്ടീവ് അംഗവും തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അംഗവുമാണ് ആറ്റിപ്ര അനിൽ. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽസെക്രട്ടറിയും ഇപ്പോൾ ഡി.സി.സി സെക്രട്ടറിയുമായ ജോൺ വിനേഷ്യസ് തലസ്ഥാന ജില്ലയിലെ കോൺഗ്രസിന്റെ സജീവസാന്നിദ്ധ്യമാണ്. സംസ്ഥാന യുവജന കമ്മിഷന്റെ ആദ്യത്തെ ചെയർമാനായിരുന്ന ആർ.വി. രാജേഷും സംഘാടകമികവിലൂടെ ശ്രദ്ധേയനായ പ്രവർത്തകനാണ്. യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്ന രാജേഷ് കെ.പി.സി.സി എക്സിക്യൂട്ടീവിലും അംഗമായിരുന്നു. യുവജനക്ഷേമ ബോർഡ് അംഗവും യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു പി.എസ്. പ്രശാന്ത്. കെ.പി.സി.സി മുൻ ജനറൽസെക്രട്ടറിയായ ഡി. വിനോദ് കൃഷ്ണയും തലസ്ഥാനത്തെ യുവജനസംഘടനാരംഗത്തെ ശ്രദ്ധേയനാണ്. കെ.പി.സി.സി എക്സിക്യൂട്ടീവിലും അംഗമായിരുന്നു. കോൺഗ്രസ് സംഘടനാരംഗത്ത് സജീവമായി നിൽക്കുന്ന മുടവൻമുഗൾ രവി, രമണി പി. നായർ, അൻസജിത റസ്സൽ (ഇരുവരും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ), ആർ. വത്സലൻ, ബി.ആർ.എം. ഷഫീർ, എം.എ. ലത്തീഫ്, എസ്.കെ. അശോക് കുമാർ, അഡ്വ. ജി. സുബോധൻ, മര്യാപുരം ശ്രീകുമാർ, ജി.വി. ഹരി, വി.എസ്. ഹരീന്ദ്രനാഥ്, പ്രാണകുമാർ എന്നിവരാണ് സെക്രട്ടറിപ്പട്ടികയിൽ ഇടം നേടിയ ജില്ലയിലെ മറ്റുള്ളവർ. മുൻ സ്പീക്കർ എൻ. ശക്തൻ, മുൻ മന്ത്രി രഘുചന്ദ്രബാൽ, സോളമൻ അലക്സ്, മലയിൻകീഴ് വേണുഗോപാൽ, രാജേഷ് ചന്ദ്രദാസ് എന്നീ തലസ്ഥാന ജില്ലക്കാർ എക്സിക്യൂട്ടീവിലുണ്ട്.