തളിപ്പറമ്പ : കെ.എസ്.ഇ.ബിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ
ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഈ സ്ഥാപനത്തിലെ കരാർ ജീവനക്കാരനടക്കം അഞ്ചുപേർ അറസ്റ്റിൽ. പത്തുലക്ഷം വിലവരുന്ന ബ്രേക്കറും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചു കടത്തിയ അഞ്ചംഗസംഘമാണ് പരിയാരം പൊലീസിന്റെ പിടിയിലായത്. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
കാഞ്ഞിരോട് ചാലിൽ വീട്ടിൽ അജിത്ത്കുമാർ(43), കാഞ്ഞിരോട് തെരു തലമുണ്ടയിലെ പാടിയിൽ ഹൗസിൽ എം. മിഥുൻ എന്ന കുട്ടൻ(23), മുട്ട ഹൗസിൽ പ്രജീഷ്(24), തലമുണ്ട അമൽ നിവാസിൽ എം.വി. അമൽ എന്ന ലാലു (23), കൂടാളി കുംഭത്തെ രമ്യനിവാസിൽ കെ. സബിൻ(32) എന്നിവരെയാണ് പരിയാരം സി.ഐ കെ.വി.ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
തൃശൂർ ടെസ് ട്രാൻസ്കോ കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രേക്കറും അനുബന്ധ സാധന സാമഗ്രികളുമാണ് കഴിഞ്ഞ ആഗസ്ത് 16 ന് മോഷണം പോയത്. റോഡ് നിർമ്മാണ അവശ്യത്തിനായി കടന്നപ്പള്ളി ചന്തപ്പുരയിലെ കള്ളക്കാത്തോടിൽ 15 ന് രാവിലെ ഒൻപത് മണിക്കാണ് സാധനങ്ങൾ ഇറക്കിവച്ചത്. 17 ന് രാവിലെ എട്ടിനു ചെന്നുനോക്കിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ടതായി കണ്ടത്. ടെസ് ട്രാൻസ്കോ കമ്പനിയുടെ കരാർ ജീവനക്കാരനാണ് പിടിയിലായ അജിത്ത്കുമാർ.
കമ്പനി ഏരിയാ മാനേജർ മലപ്പുറം മുണ്ടംപറമ്പിലെ വാഴക്കൽ വി.എം.മാത്യു എന്ന റോയിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രിൻസിപ്പൽ എസ്.ഐ എം.പി. ഷാജി, അഡീ. എസ്.ഐ ടി.രവീന്ദ്രൻ, എസ്.ഐ സി.ജി. സാംസൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രമോദ്, പ്രസന്നൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.