തിരുവനന്തപുരം: കോർപറേഷൻ ഭരണസമിതിയും സെക്രട്ടറിയും തമ്മിലുണ്ടായ കലഹത്തിനൊടുവിൽ സെക്രട്ടറി ആർ.എസ്. അനുവിന് സ്ഥാനചലനം. കുടുംബശ്രീയിൽ സാമൂഹ്യവികസന വിഭാഗം പ്രോഗ്രാം ഓഫീസർ തസ്തികയിലേക്കാണ് മാറ്റം. ഉത്തരവ് ഇന്ന് കൈമാറും. മേയർ കെ. ശ്രീകുമാർ തദ്ദേശവകുപ്പിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞമാസം സെക്രട്ടറി ചുമതലയേറ്റതിന് പിന്നാലെ ഉണ്ടായ അഭിപ്രായഭിന്നതകൾ രൂക്ഷമായതോടെ ഫയൽ നീക്കം ഉൾപ്പെടെ സ്തംഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തു നിൽക്കെ സ്ഥിതി മുന്നോട്ടുപോയാൽ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മേയറുടെ പരാതി. പിന്നാലെ കോർപറേഷനിൽ അഴിമതിയാണെന്ന ആരോപണവുമായി അനു മന്ത്രി എ.സി.മൊയ്തീന്റെയും വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെയും ഓഫീസിലെത്തി. ഇതോടെ വകുപ്പും പ്രതിസന്ധിയിലായി. തുടർന്ന് ഇരുവിഭാഗങ്ങളുടെയും ഭാഗം പരിശോധിച്ചു. അനു കൊച്ചയിൽ റീജിയണൽ ജോയിന്റ് ഡയറക്ടറായിരിക്കെ ഗുരുതരമായ വകുപ്പുതല നടപടികൾക്ക് വിധേയമായിട്ടുള്ളതും ഇതു സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്ന സാഹചര്യവും സ്ഥാനചലനത്തിന് അനുകൂലമായി. എന്നാൽ സെക്രട്ടറിക്ക് മന്ത്രി ഓഫീസിലുള്ള ഉന്നത സ്വാധീനം കാരണം നടപടി വൈകിപ്പിക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞമാസം 17നാണ് ആർ.എസ്. അനു കോർപറേഷൻ സെക്രട്ടറിയായെത്തിയത്. ഒരു മാസം പൂർത്തിയാകാൻ രണ്ട് ദിവസം ശേഷിക്കേയാണ് സെക്രട്ടറിയുടെ സ്ഥാനമാറ്രം.
ചുമതല മാറ്റത്തിന് സാദ്ധ്യത
കുടുംബശ്രീയിലേക്കാണ് മാറ്റമെങ്കിലും ആർ.എസ്.അനുവിന് മറ്റൊരു ചുമതല നൽകിയേക്കും. വകുപ്പ് സെക്രട്ടറിയുടെ മേൽനോട്ടത്തിൻ കീഴിലുള്ള സ്ഥാനത്തേക്ക് ഭരണ സൗകര്യാർത്ഥം മാറ്റാണാണ് സാദ്ധ്യത. ഇത് സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണ്.
പകരം ചുമതല ബിനിക്ക്
കോർപറേഷൻ അഡീ. സെക്രട്ടറിയായ ബിനിക്കായിരിക്കും സെക്രട്ടറിയുടെ ചുമതല. പുതിയ സെക്രട്ടറി ഉടൻ ഉണ്ടാകാനിടയില്ല. അനുവിനെ മാറ്റുന്ന സ്ഥാനത്തേക്ക് നേരത്തെ സെക്രട്ടറിയായിരുന്ന ദീപയ്ക്കോ കൊല്ലത്ത് റീജിയണൽ ജോയിന്റ് ഡയറക്ടറായ ഹരികുമാറിനോ ചുമതല നൽകുന്ന കാര്യം പരിഗണിച്ചെങ്കിലും നടപ്പായില്ല. അനുവിനെ വടക്കൻ ജില്ലകളിലേതെങ്കിലും കോർപറേഷനിലെ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി അവിടെയുള്ള സെക്രട്ടറിയെ ഇവിടേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.