വെള്ളനാട്: കരമനയാറ്റിന്റെ കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ പാലോട് പെരിങ്ങമ്മല ബംഗ്ലാവ്‌ വിള വയലരികത്തു വീട്ടിൽ സജിത്തിനെ (19) രണ്ടാം ദിവസവും കണ്ടെത്താനായില്ല. ഫയർഫോഴ്സ്,സ്കൂബാ ടീമുകളുടെ നേതൃത്വത്തിൽ ഇന്നും തെരച്ചിൽ തുടരും. കടവിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം വരെ തെരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. ഒഴുക്കിൽപ്പെട്ട സജിത്തിനെ രക്ഷിക്കാൻ ചാടുന്നതിനിടെ മുങ്ങി മരിച്ച വെള്ളനാട് കുളക്കോട് ചിത്തിരയിൽ അരുണിന്റെ (36) മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അരുണിന്റെ കുടുംബത്തോടൊപ്പം സജിത്തും കരമനയാർ കാണാനായി എത്തിയത്. കുളിക്കാനിറങ്ങിയ സജിത്ത് ഒഴുക്കിൽപ്പെട്ടതോടെ രക്ഷിക്കാനായി അരുണും ആറ്റിലേക്ക് ചാടുകയായിരുന്നു.