കോവളം: രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലായ വിഴിഞ്ഞം പോർട്ട് പദ്ധതി യാഥാർത്ഥ്യമാക്കാൻ പോർട്ട് ഓപ്പറേഷൻ പ്രവർത്തനങ്ങൾക്കായി നിർമ്മിച്ച നാലുനില കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തയാഴ്ച നടക്കും. 2300 ചതുരശ്ര മീറ്രർ വിസ്‌തൃതിയിലുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടത്തിൽ നിന്നാണ് പോർട്ടിന്റെ പ്രധാന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. തുറമുഖ മാനേജ്‌മെന്റ് സി.ഇ.ഒ, മറ്റു പ്രധാന ഉദ്യോഗസ്ഥർ അടക്കമുള്ള നിരയാണ് കെട്ടിടത്തിൽ പ്രവർത്തിക്കുക. കഴിഞ്ഞ ജൂലായ് മാസമാണ് ഓഫീസിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചത്. എന്നാൽ അതിന് മുമ്പ് ലോക്ക് ഡൗൺ ആയതോടെ ഉദ്ഘാടനം നീളുകയായിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെ നഗരത്തിൽ പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പിന്റെ ഫിനാൻസ്, അഡ്മിൻ, പ്രോജക്ട് എന്നീ പ്രധാന വിഭാഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും ഇവിടെയാകും പ്രവർത്തിക്കുക. പ്രവർത്തനങ്ങളെ ഇത് കൂടുതൽ ഏകോപിപ്പിക്കുന്നതിന് സഹായിക്കും.
ആദ്യ കപ്പലെത്തുന്ന ദിനം
പോർട്ടിൽ ആദ്യ കപ്പൽ എത്തുന്ന ദിവസമായിരിക്കും തുറമുഖത്തിന്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങുകളെന്ന് അദാനി ഗ്രൂപ്പ് കോർപ്പറേറ്റ് മാനേജർ സുശീൽ നായർ പറഞ്ഞു. പദ്ധതി പൂർത്തിയാകുമ്പോൾ ഇതുവരെ കൊളംബോ തുറമുഖം കൈകാര്യം ചെയ്‌തിരുന്ന നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്‌മെന്റ് കാർഗോ വിഴിഞ്ഞത്തെത്തും. ഇന്ത്യയിലെ കയറ്രുമതിക്കാർക്കും ഇറക്കുമതിക്കാർക്കും നല്ല അവസരമാണിത്. അന്താരാഷ്ട്ര കപ്പൽ ചാനലിന് 10 മൈൽ മാത്രം അകലെയാണെന്നതും 18 മീറ്രർ സ്വാഭാവികമായ ആഴമെന്നതും വിഴിഞ്ഞത്തിന് അനുകൂല ഘടകമാണ്.