തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം നഗരത്തിൽ വീണ്ടും മാലപൊട്ടിക്കൽ സജീവമായി. ഇന്നലെ വൈകിട്ട് അരമണിക്കൂറിനിടെ അടുത്തടുത്ത രണ്ടു സ്ഥലങ്ങളിലായി രണ്ടു സ്ത്രീകളുടെ മാലയാണ് പൊട്ടിച്ചു കടന്നത്. മണ്ണന്തല എസ്.എൻ.നഗർ സ്വദേശി കോമളത്തിന്റെ (52 ) രണ്ടര പവൻ മാലയും കുടപ്പനക്കുന്ന് പാതിരപ്പള്ളിയിൽ ചായക്കട നടത്തുന്ന സുജാതയുടെ രണ്ടുപ്പവൻ മാലയുമാണ് പിടിച്ചു പറിച്ചത്. വൈകിട്ട് ആറരയ്ക്കും ഏഴിനും ഇടയ്ക്കാണ് രണ്ടു സംഭവവും നടന്നത്.
കുടപ്പനക്കുന്നിലെ സുജാതയുടെ ചായക്കടയിലെത്തിയ ആൾ ചൂടുവെള്ളം ചോദിച്ച് കുപ്പി നൽകി. സുജാത കുപ്പിയിൽ വെള്ളം നിറയ്ക്കവെയായിരുന്നു മാലപൊട്ടിക്കൽ. സുജാത നിലവിളിച്ച് ആളെക്കൂട്ടാൻ ശ്രമം നടത്തിയെങ്കിലും ഇതിനിടെ മോഷ്ടാവ് കടന്നുകളഞ്ഞു. തുടർന്ന് മണ്ണന്തലയിൽ എത്തിയ ഇയാൾ പച്ചക്കറി കട പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കോമളത്തിന്റെ മാല പൊട്ടിച്ച് കടന്നു. നീല ചെക്ക് ഷർട്ടും ജീൻസും ധരിച്ച് ഹെൽമറ്റ് ധരിച്ചുവന്നയാളാണ് മാലകൾ പൊട്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞയുടൻ സമീപ പ്രദേശങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. സി.സി. ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയാണ് പൊലീസ്.