തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് നഗരത്തിൽ രാത്രിയിലും യൂത്ത് കോൺഗ്രസ്, എ.ബി.വി.പി - ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. മലപ്പുറത്തുനിന്നും തിരുവനന്തപുരത്തെത്തിയ മന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ സംഘ‍ർഷമായി. മസ്‌കറ്റ് ഹോട്ടൽ മുതൽ കന്റോൺമെന്റ് ഹൗസ് വരെയുള്ള റോഡ് പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. രാത്രി 9.30ഓടെയാണ് യൂത്ത് കോൺഗ്രസ്, എ.ബി.വി.പി പ്രവർത്തകരുടെ പ്രതിഷേധം ആരംഭിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വാഹനം മസ്‌കറ്റ്‌ ഹോട്ടലിന് സമീപമെത്തിയപ്പോൾ കരിങ്കൊടിയുമായി എ.ബി.വി.പി പ്രവർത്തകർ ചാടിവീണു. എന്നാൽ പൊലീസ് തീർത്ത വലയത്തിനുള്ളിലൂടെ മന്ത്രിയുടെ വാഹനം ഔദ്യോഗിക വസതിയിലേക്ക് കടന്നു. പിന്നാലെ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. ലാത്തിയടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചു. പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കാൻ ശ്രമിച്ചെങ്കിലും തയ്യാറാകാത്തതിനെ തുടർന്ന് 50ഓളം പ്രവർത്തകരെ അറസ്റ്റുചെയ്‌തു. ഇതിനിടെ പ്രവർത്തകർ വീണ്ടും മുദ്രാവാക്യം വിളികളുമായി എത്തിയതോടെ സംഘർഷം ആരംഭിച്ചു. യൂത്ത് കോൺഗ്രസ്, എ.ബി.വി.പി - ബി.ജെ.പി പ്രവർത്തകർ രണ്ടുഭാഗങ്ങളായി കൂട്ടംകൂടി നിന്ന് മുദ്രാവാക്യം മുഴക്കി. പ്രതിഷേധം മുന്നിൽകണ്ട് വൻ പൊലീസ് സന്നാഹമാണ് നഗരത്തിൽ നിലയുറപ്പിച്ചിരുന്നത്.