fff

നെയ്യാറ്റിൻകര: കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ സംഭവമാണ് ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് നടത്തിയ ശിവലിംഗ പ്രതിഷ്ഠ.കുമാരഗിരി കുന്നിലാണ് പ്രതിഷ്ഠ നടത്തുന്നതിനു മുമ്പായി ഗുരുദേവൻ തപസിരുന്നത്. അരുവിപ്പുറം തീർത്ഥാട സർക്യൂട്ട് പദ്ധതിയിൽ ഇടം തേടുന്നതോടെ ഈ രണ്ട് പുണ്യസ്ഥലങ്ങളും ദേശീയശ്രദ്ധ നേടും. മരുത്വാമലയിൽ തപസിരുന്ന ഗുരു പിന്നീട് എത്തിയത് നെയ്യാറിന്റെ തീരമായ അരുവിപ്പുറത്താണ്. ഇവിടെയുള്ള കുന്നിലെ ഗുഹയിലാണ് ഗുരു തപസിരുന്നത്.

പുണ്യചരിത്രം

ഗുരുവിന് ആദ്യം താമസമൊരുക്കിയത് നാണുവാശാനാണെന്ന് ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറയുന്നു. 1888 മാർച്ച് 11ന് ശിവരാത്രി ദിനത്തിൽ അരുവിപ്പുറത്തെ വാവുട്ടിയോഗക്കാരുടെ സാന്നിദ്ധ്യത്തിൽ ഗുരുദേവൻ അരുവിപ്പുറത്ത് സർവജാതി മതസ്ഥർക്കും പ്രവേശനം നൽകി ശിവലിംഗ പ്രതിഷ്ഠ നടത്തി. നെയ്യാറിലെ ശങ്കരൻകുഴിയിൽ നിന്നു മുങ്ങിയെടുത്ത ശിലയെ ശിവലിംഗ സ്വരൂപമായി സങ്കല്പിച്ച് പ്രതിഷ്ഠിക്കുകയായിരുന്നു. തുടർന്ന് അരുവിപ്പുറത്ത് ഗുരു മഠം സ്ഥാപിച്ചു. ഇവിടത്തെ പ്ലാവിൻ ചുവട്ടിലിരുന്ന് ഗുരു 1903 ജനുവരി 7ന് എസ്.എൻ.ഡി.പി യോഗത്തിന് രൂപം നൽകി. മഹാകവി കുമാരനാശാൻ ആദ്യ ജനറൽ സെക്രട്ടറിയുമായി.

കൊടിതൂക്കി മല

കൊടിതൂക്കി മല പിന്നീട് കുമാരഗിരിയായി അറിയപ്പെട്ടു. എല്ലാ ശിവരാത്രി ഉത്സവകാലത്തും ശിവഗിരി തീർത്ഥാടന കാലത്തും ഇവിടെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. എസ്.എൻ.ഡി.പി യോഗം നെയ്യാ​റ്റിൻകര യൂണിയൻ സെക്രട്ടറിയായ ആവണി ശ്രീകണ്ഠൻ പുതിയ പടിക്കെട്ടുകൾ നിർമിച്ചുനൽകിയതോടെ ഭക്തരുടെ മലകയറ്റം എളുപ്പമായി. 650 മീ​റ്ററിലായി 455 പടികളാണ് കുമാരഗിരിയിലേക്ക് നിർമിച്ചത്. പടിക്കെട്ട് തുടങ്ങുന്നിടത്ത് കവാടവും നിർമിച്ചു. കുമാരഗിരി കുന്നിന്റെ മറുവശത്താണ് ഗുരു തപസിരുന്ന ഗുഹ. ഇവിടേക്ക് പോകാനായി 93 പടിക്കെട്ടുകളുമുണ്ട്. ഗുരുവിന്റെ നാമധേയത്തിലുള്ള ആദ്യ ക്ഷേത്രം ഇവിടെയാണെന്ന പ്രത്യേകതയും കുമാരഗിരി കുന്നിനുണ്ട്. ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹമാണ് പ്രതിഷ്ഠ. അരുവിപ്പുറം മാരായമുട്ടം റോഡിൽ നിന്നും കുമാരഗിരി കുന്നിലേക്ക് റോഡും നിർമിച്ചിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ നിന്നും ആശുപത്രി ജംഗ്ഷനിലെ പാലത്തിലൂടെ അമരവിള

വഴി എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാം. അരുവിപ്പുറം തീർത്ഥാടന സർക്യൂട്ട് യാഥാർത്ഥ്യമാകുന്നതോടെ അരുവിപ്പുറത്തും കുമാരിഗിരിയിലും പ്രകൃതിക്ക് ഇണങ്ങുംവിധമുള്ള പരിഷ്‌കാരങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.