പൂവാർ: കടലും കടൽ തീരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം മന്ദഗതിയിൽ. അന്തർദേശീയ - ദേശീയ നിയമ വ്യവസ്ഥകൾ അനുസരിച്ച് 12നോട്ടിക്കൽ മൈൽ (22കിലോമീറ്റർ) കടൽ ദൂരമാണ് സംസ്ഥാനത്തിന്റേത്. ഈ പ്രദേശത്തിന്റെയും 500 മീറ്റർ തീരത്തിന്റെയും സുരക്ഷ ഉറപ്പു വരുത്തുക, ക്രിമിനൽ പ്രവർത്തനങ്ങൾ തടയുക, അവ സംബന്ധിച്ചുള്ളകേസുകൾ കൈകാര്യം ചെയ്യുക തുങ്ങിയവയാണ് ഒരു സ്റ്റേഷന്റെ ചുമതലകളിൽ പ്രധാനം. കൂടാതെ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുക, മറ്റ് സ്ഥലങ്ങളിൽ നിന്നും വരുന്ന കപ്പലുകളിൽ നിന്നും ഉണ്ടാകുന്ന അതിക്രമങ്ങൾ ചെറുക്കുക, കടൽ തീരത്തെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും ശ്രദ്ധ നൽകുക തുടങ്ങിയവയും ഇതിൽപ്പെടും. ഇതിനെല്ലാം പുറമെ കടലോര ജാഗ്രതാ സമിതികൾ രൂപീകരിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിലെ അക്രമവാസനകൾ തടയുന്നതിനും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണം നടത്തുന്നതിനും ശ്രമിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ നിലവിൽ വന്നത്. പൂവാർ പഞ്ചായത്ത് നൽകിയ ഭൂമിയിലാണ് 2017ൽ ഇന്നു കാണുന്ന സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. ഇതോടെ പൂവാർ ബീച്ചിൽ നിലവിലുണ്ടായിരുന്ന സാമൂഹ്യ വിരുദ്ധശല്യത്തിന് ഒരു പരിധിവരെ ശമനമുണ്ടായെങ്കിലും ശരിയായ ഉദ്ദേശലക്ഷ്യം സാധ്യമാക്കാൻ കഴിഞ്ഞിട്ടില്ലന്നാണ് നാട്ടുകാർ പറയുന്നത്. ഒരു സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ 29പോലീസുകാരാണ് പൂവാർ സ്റ്റേഷനിലുള്ളത്. കൂടാതെ താത്കാലികമായി നിയമിച്ചിട്ടുള്ള 13 വാർഡന്മാരും. അതേസമയം പുതിയ കെട്ടിടത്തിൽ വിശ്രമിക്കാനുള്ള സൗകര്യം പോലുമില്ലന്നാണ് ജീവനക്കാർ പറയുന്നത്. ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ ലൈഫ് ഗാഡുകളുടെ ബാഗും ഉപകരണങ്ങളും സൂക്ഷിക്കുന്നതും ഇവിടെയാണ്. ഒരു ബോട്ട് ഉണ്ടെങ്കിലും ലാന്റ് ചെയ്യാനുള്ള അസൗകര്യം കാരണം വിഴിഞ്ഞത്താണ് പാർക്ക് ചെയ്യാറ്. അതേസമയം കടലോര ജാഗ്രതാ സമിതി രൂപീകരിക്കാനോ, അതിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കാനോ ഇതുവരെയും കഴിഞ്ഞിട്ടില്ലന്നാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നത്. കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ ശരിക്കുള്ള പ്രയോജനം ലഭ്യമാക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അസൗകര്യങ്ങളുടെ നടുവിൽ
കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള ദൂരദർശിനിയിൽക്കൂടി കപ്പൽ ചാലുവരെയുള്ള കടൽ നോക്കിക്കാണാനെ കഴിയു എന്നാണ് അവർ പറയുന്നത്.2016ലെ പുതിയ തീരുമാനപ്രകാരം 12 മുതൽ 200നോട്ടിക്കൽ മൈൽ വരെയുള്ള രാജ്യത്തിന്റെ കടലും സംരക്ഷിക്കേണ്ട ഉത്തരവാദിത്വംകോസ്റ്റൽപോലീസ് സ്റ്റേഷനുകൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ അതിനനുസരിച്ചുള്ള നിരീക്ഷണ ഉപകരണങ്ങളൊന്നും ഇവിടങ്ങളിൽ ഇല്ലന്നും അവർ പറഞ്ഞു. പൂവാർ ജംഗ്ഷനിൽ നിന്നും സ്റ്റേഷനിലേക്കുള്ള റോഡ് ഇടുങ്ങിയതും കുണ്ടും കുഴിയും നിറഞ്ഞതുമാണ്. ഇതിനും പരിഹാരമായിട്ടില്ല.