പൂവാർ: കോട്ടുകാൽ പഞ്ചായത്ത് മേഖലയിലെ നെൽവയലുകളും തണ്ണീർത്തടങ്ങളും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും. 90 ഏക്കർ വരുന്ന തണ്ണീർത്തടമാണ് വിഴിഞ്ഞം പദ്ധതിയുടെ മറവിൽ മണ്ണിട്ട് നികത്തുന്നത്. വിഴിഞ്ഞം ഹാർബർ നിർമ്മാണത്തിന്റെ ഭാഗമായുള്ള വെയർഹൗസ് നിർമ്മിക്കാൻ സംസ്ഥാനതല വിദഗ്ദ്ധ സമിതിക്ക് അപോക്ഷ നൽകിയിരുന്നു. നെൽവയലുകൾ സംരക്ഷിക്കാൻ നടപ്പാക്കിയ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമം 2008 പ്രകാരം രൂപീകരിച്ചിട്ടുള്ള സംസ്ഥാനതല വിദഗ്ദ്ധ സമിതി മുമ്പാകെ വന്ന കമ്പനിയുടെ അപേക്ഷ പരിസ്ഥിതി കാരണങ്ങളാൽ നിരസിച്ചിരുന്നു. സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരും പരിസ്ഥിതി വിദഗ്ദ്ധരും അടങ്ങിയ സമിതിയുടെ വിലക്ക് മറികടന്നാണ് നിർമ്മാണം. ഈ മേഖലയിലും സമീപ പ്രദേശങ്ങളിലും കൃഷിക്കും കിണറുകളിൽ വെള്ളമെത്തുന്നതും ഈ തണ്ണീർത്തടവും തോടുകളും നിലനിൽക്കുന്നതുകൊണ്ടാണ്. മുല്ലൂർ ഭാഗത്തെ ഏകദേശം അഞ്ച് ഏക്കറോളം വരുന്ന നെൽവയലുകൾ വികസനത്തിന്റെ പേരിൽ പൂർണമായും നികത്തപ്പെട്ടു. അവിടെ തന്നെയുള്ള തേവർ കുളവും, വലിയ കുളവും ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. വികസനത്തിന്റെ പേരിൽ ഏത് നേരവും ഈ രണ്ട് കുളങ്ങളും മണ്ണ് വീണ് മൂടപ്പെടുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമാണ് പുന്നക്കുളം ഭാഗത്തെ നികത്തൽ. 1973ൽ ആരംഭിച്ച പുളിങ്കുടി വാട്ടർ സപ്ലൈസ്‌കീമിന്റെ ടാങ്കിന്റെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന കുരുവിത്തോട്ടം ഏല ഏതാണ്ട് മുഴുവനും സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തിയിരിക്കുകയാണ്. ഈ നില തുടർന്നാൽ വെള്ളം കിട്ടാതെ പുളിങ്കുടി വാട്ടർ സപ്ലൈ സ്‌കീം സമീപ ഭാവിയിൽ നിലയ്ക്കും. കൊടുംവേനലിലും നിലയ്ക്കാത്ത ജലപ്രവാഹമുള്ള ആഴിമല ക്ഷേത്രത്തിന് സമീപത്തെ കിണ്ണിക്കുഴിയും നാശത്തിന്റെ വക്കിലാണ്. കോട്ടുകാലിലെയും സമീപ പ്രദേശങ്ങളിലേയും തണ്ണീർത്തടങ്ങളും നീർച്ചാലുകളും അതേപടി സംരക്ഷിക്കപ്പെടേണ്ടവയാണെന്നും പ്രകൃതിദത്ത സ്വത്ത് സംരക്ഷിക്കണമെന്നും കോട്ടുകാൽ പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ എ.കെ.ഹരികുമാർ പറഞ്ഞു.