smoking

പുതിയ തലമുറയിൽ പുകവലിക്കാരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നത് ആശ്വാസകരം. എന്നാൽ പുകയില അടങ്ങിയ മറ്റു ലഹരി പദാർത്ഥങ്ങളായ പാൻപരാഗ്, ഗുഡ്ക്ക, മൂക്കുപ്പൊടി എന്നിവയുടെ ഉപയോഗം കേരളത്തിൽ കൂടിവരുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്. പുകയില എന്ന് സാധാരണയായി അറിയപ്പെടുന്നത് നിക്കോട്ടിയാന റബാക്കം എന്ന സസ്യത്തിന്റെ ഇലയെയാണ്. ഉണങ്ങിയ ഈ ഇലയിൽ ഒന്നുമുതൽ എട്ട് ശതമാനം വരെ നിക്കോട്ടിൻ അടങ്ങിയിട്ടുണ്ട്. ഈ നിക്കോട്ടിനാണ് മനുഷ്യനിൽ പുകവലിക്കുള്ള ആസക്തിയുണ്ടാക്കുന്നത്. നിക്കോട്ടിൻ കൂടാതെ അനബാസിൻ, നോർ നിക്കോട്ടിൻ മുതലായ വിഷ ആൽക്കലോയിഡും പുകയിലയിൽ അടങ്ങിയിട്ടുണ്ട്.

മറ്റൊരു ‌ഞെട്ടിക്കുന്ന സത്യം,​ നാലായിരത്തോളം രാസവസ്തുക്കളടങ്ങിയ പുകയിലയിൽ 43 എണ്ണവും കാൻസർ ഉണ്ടാക്കുന്നവയാണ് എന്നതാണ്. ശ്വാസകോശ കാൻസർ, എംഫസിമ എന്നിവയ്ക്കൊപ്പം ഹൃദ്രോഗത്തിനും പുകവലി കാരണമാകുന്നുണ്ട്.മാത്രമല്ല,​ പുകവലികൊണ്ട് അന്ധത, ലൈംഗിക ബലഹീനത, ബ്ളഡ് പ്രഷർ, ബുദ്ധിമാന്ദ്യം എന്നിവയുണ്ടാകാം. പുകവലിക്കാരിൽ മസ്തിഷ്‌കാഘാതം വരാനുള്ള സാദ്ധ്യത പകുതിയിലധികമാണ്.

സൈനസൈറ്റിസ് മാറാരോഗമാകാനുള്ള സാദ്ധ്യതയും കൂടെക്കൂടെ മൈഗ്രേൻ വരാനും ടി.എ.ഒ എന്ന രോഗം കാരണം കാൽവിരലുകളിലേക്കുള്ള രക്തയോട്ടം നിലച്ച് അവ അറ്റുപോകുന്ന അവസ്ഥയും വരെ പുകവലികാരണം ഉണ്ടയേക്കാം.വെറ്റില മുറുക്കും മൂക്കുപ്പൊടിവലിയും വായ, മൂക്ക്, തൊണ്ട എന്നിവയിൽ കാൻസറുണ്ടാക്കും.

നിക്കോട്ടിൻ പാച്ച്

പുകവലി നിയന്ത്രിക്കുകയെന്നത് ചെറിയകാര്യമല്ല. അതിനായി പലതരം ചികിത്സാരീതികളും നിലവിലുണ്ട്. എന്നാൽ ആധുനിക വൈദ്യത്തിൽ നിക്കോട്ടിൻ പാച്ച് ചികിത്സയാണ് ഫലപ്രദമായി ഉപയോഗിച്ചുവരുന്നത്.

മേൽ കൈയിൽ 'നിക്കോട്ടിൻ പാച്ച് ' എന്ന പ്ളാസ്റ്റർ ഒട്ടിച്ചുവയ്ക്കുന്നു. ഈ പാച്ച് ശരീരത്തിലേക്ക് ചെറിയ അളവിൽ നിക്കോട്ടിൻ കടത്തിവിട്ടുകൊണ്ടിരിക്കും. പുകവലിക്ക് ഹേതുവായ നിക്കോട്ടിൻ ശരീരത്തിൽ വേറെ വഴിയിലൂടെ ലഭ്യമായതോടെ പുകവലിയോടുള്ള ആസക്തി കുറയുന്നു. അങ്ങനെ വലി നിറുത്തുമ്പോൾ നിക്കോട്ടിൻ പാച്ചിലെ നിക്കോട്ടിന്റെ അളവും കുറച്ചു കൊണ്ടുവരുന്നു. നിക്കോട്ടിൻ റിപ്ളേസ്‌മെന്റ് എന്നാണീ രീതിയുടെ മറ്റൊരു പേര്. കൂടെ കൗൺസലിഗും സൈബാൻ എന്ന ചെറു മരുന്നും കൂടിയാകുമ്പോൾ പുകവലി താനെ നിന്നുകൊള്ളും.

പുകവലി പെട്ടന്ന് നിറുത്തുമ്പോൾ 48 മണിക്കൂറിനുള്ളിൽ പലവിധ അസ്വസ്ഥതകൾ തോന്നാം. തലവേദന, ദേഷ്യം, ഉത്കണ്ഠ, വലിക്കാനുള്ള അത്യാർത്തി എന്നിവയുണ്ടാകാൻ സാദ്ധ്യതയുണ്ട്.

പുകവലിക്ക് മരുന്നുണ്ട്

പുകവലി നിറുത്താനും നിക്കോട്ടിൻ കൊണ്ടുണ്ടായ വിവിധ രോഗാവസ്ഥകൾക്കും ഹോമിയോപ്പതിയിലും മരുന്നുണ്ട്. സാധാരണ ഗതിയിൽ ടബാക്കം 200 ഗുളിക രൂപത്തിൽ വാങ്ങി നാല് ഗുളിക മൂന്ന് നേരവും പുകവലിക്കണമെന്നു തോന്നുമ്പോഴും കഴിച്ചാൽ പുകവലിയോടുള്ള ആസക്തി ഇല്ലാതാക്കാം.

പുകവലിയോട് വിരക്തി ഉണ്ടാകാൻ സ്റ്റെഫി, കാവ്‌സി, കലാഡിയം, ടബാക്ക്, നിക്കോട്ടിയം, ടബാക്ക്, നിക്കോട്ടിനം എന്നിവയും ഉപകരിക്കും. പുകവലി കൊണ്ടുണ്ടാകുന്ന മറവിക്ക് കലാഡിയം എന്ന മരുന്ന് ഫലപ്രദമാണ്. നേത്രനാഡി തകരാർ, കാഴ്ചക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് ആർസ് ആൽബ്, നക്സ് വോം, ഫോസ് എന്നിവ കഴിക്കാം. ലൈംഗികക്ഷീണം അകറ്റാൻ കലാഡിയം ലൈക്കോ എന്നിവ ഗുണം ചെയ്യും.

വെറ്റിലമുറുക്ക് കൊണ്ടുണ്ടാകുന്ന തകരാറുകൾക്ക് ആർസ് ആൽബും ക്രമാതീതമായി നെഞ്ചിടിപ്പിന് ജെസ്‌സ്, നക്സ് വോം എന്നീ മരുന്നുകൾ ഉപയോഗിക്കാം. പൊടിവലിശീലം നിയന്ത്രിക്കാൻ സിലിസിയ, സെക് കോർ തുടങ്ങിയ ഔഷധങ്ങൾ ഫലപ്രദമാണ്. ദഹനക്കേടിനും നക്സ് വോം നല്ലതാണ്.