anaswara-rajan

വസ്ത്രധാരണത്തിന്റെ പേരിൽ താൻ നേരിട്ട സൈബർ ആക്രമണത്തിന് മറുപടിയുമായി നടി അനശ്വര രാജൻ. താൻ എന്തു ചെയ്യുന്നു എന്നോർത്ത് ആരും ആശങ്കപ്പെടേണ്ടതില്ലെന്ന്, അതേ വേഷം അണിഞ്ഞുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്ത് അനശ്വര കുറിച്ചു. "ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോർത്ത് ആശങ്കപ്പെടൂ.." അനശ്വര കുറിച്ചു. ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു പലരേയും പ്രകോപിപ്പിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിന് നേരെ അശ്ലീല കമന്റുകൾ വരെ ഉണ്ടായി. നാടൻ ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ പുതിയ മോഡേൺ ലുക്കിനെതിരെയായിരുന്നു സൈബർ ആക്രമണം നടന്നത്. "എന്ത് വസ്ത്രമാണ് ഇത്.." എന്നാണ് ചിലരുടെ വിമർശനങ്ങൾ. 'പതിനെട്ട് ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേൺ ഷോ തുടങ്ങിയോ?' എന്നാണ് മറ്റൊരു കമന്റ്. എന്നാൽ താരത്തിന് പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനും ജീവിക്കാനുമുള്ള അവകാശം അനശ്വരയ്ക്ക് ഉണ്ടെന്ന് ചിലർ പറഞ്ഞു. എന്തായാലും അനശ്വരയുടെ ചിത്രത്തിന്റെ പേരിൽ ഇൻസ്റ്റഗ്രാമിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് തുടക്കം കുറിച്ചത്. മോശം പരാമർശങ്ങൾക്കെതിരെ താരം അതേ ചിത്രം പോസ്റ്റ് ചെയ്ത് രംഗത്ത് വന്നത് സൈബർ ചേട്ടന്മാരെ വീണ്ടും ചൊടിപ്പിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനശ്വര പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്. "പതിനെട്ടിലേക്ക് ചിയേഴ്സ്…15 വയസ് മുതൽ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാം' എന്ന ക്യാപ്ഷനോടെ ജന്മദിനം ആഘോഷിക്കുന്ന ചിത്രം അനശ്വര പങ്കുവച്ചിരുന്നു. ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ, ആദ്യരാത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അനശ്വര. എവിടെ, മൈ സാന്റ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. വാങ്ക്, അവിയൽ, രാംഗി തുടങ്ങിയ ചിത്രങ്ങളാണ് അനശ്വരയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.അനശ്വരയുടെ ആദ്യ തമിഴ് ചിത്രമാണ് രാംഗി. തൃഷ നായികയാവുന്ന ചിത്രം ശരവണനാണ് സംവിധാനം ചെയ്യുന്നത്. ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി കാവ്യ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്. ജോജു ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് അവിയൽ. ഷാനിൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തേ ദാവണിയിലും പട്ടുപാവാടയിലുമുള്ള അനശ്വരയുടെ ഫോട്ടോഷൂട്ടിന് സോഷ്യൽ മീഡിയയിൽ വലിയ കൈയടി ലഭിച്ചിരുന്നു. നടിമാരായ സാനിയ ഇയ്യപ്പൻ, മീര നന്ദൻ, ദുർ​ഗ കൃഷ്ണ, എസ്തർ എന്നിവർക്കും സമാന രീതിയിൽ വേഷത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.