lal

എല്ലാവർഷവും കുറച്ചുനാൾ ആയുർവേദ ചികിത്സയ്ക്കായി മാറ്റിവയ്ക്കാൻ മോഹൻലാൽ ശ്രമിക്കാറുണ്ട്. ലോക്ക് ഡൗൺകാലത്തും പതിവു തെറ്റിക്കാതെ ആയുർവേദ ചികിത്സയ്ക്ക് എത്തിയിരിക്കുകയാണ് താരം. പാലക്കാട് പെരിങ്ങോട്ടിലെ ഗുരുകൃപ ആയുർവേദ ഹെറിറ്റേജിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. സെപ്തംബർ 2നാണ് ലാൽ ഭാര്യ സുചിത്രയ്‌ക്കൊപ്പം ഗുരുകൃപയിലെത്തിയത്. ഇവിടെ നിന്നുമുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ഷൂട്ടിംഗ് തിരക്കുകൾ കാരണം ലാലിന് ഗുരുകൃപയിൽ എത്താൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ദീർഘകാലമായുള്ള ബന്ധമാണ് മോഹൻലാലിന് ഗുരുകൃപയുമായി ഉള്ളത്. കൊവിഡ് കാലത്ത് മൂന്നുമാസത്തോളം ചെന്നൈയിലെ വീട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുകയായിരുന്നു താരം. അമ്മയെ കാണാനും സിനിമകളുടെ ഷൂട്ടിംഗ് പുനഃരാരംഭിക്കാനുമാണ് മോഹൻലാൽ കേരളത്തിലെത്തിയത്. ആയുർവേദ ചികിത്സ പൂർത്തിയായി കഴിഞ്ഞാൽ മോഹൻലാൽ നേരെ പോവുക ദൃശ്യം 2വിന്റെ ലൊക്കേഷനിലേക്കാണ്.

lal

കഴിഞ്ഞ ദിവസം ഷൂട്ടിംഗ് തുടങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വർക്കുകൾ പൂർത്തിയാക്കാൻ ബാക്കിയുള്ളതിനാൽ ഷൂട്ടിംഗ് വൈകുകയായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് നടക്കുക. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിട്ടാവും ചിത്രീകരണം. കൊച്ചിയിലെ പതിനാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷമായിരിക്കും സംഘം തൊടുപുഴയിൽ എത്തുക. ചിത്രത്തിൽ അഭിനയിക്കുന്നവരെയും അണിയറ പ്രവർത്തകരേയും ക്വാറന്റൈൻ ചെയ്ത ശേഷമാവും ചിത്രീകരണം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം2 നിർമിക്കുന്നത്. മീന ഉൾപ്പെടെ ദൃശ്യത്തിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ദൃശ്യം 2വിലും ഉണ്ടാകും.