തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. ഇന്നലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ലാത്തിചാർജിൽ കെ.എസ്.യു,​ മഹിളാ മോർച്ച, എം.എസ്.എഫ്,​എ.ബി.വി.പി പ്രവർത്തകർക്ക് പരിക്കേറ്റു. സംഘർഷത്തിൽ വട്ടിയൂർക്കാവ് എസ്.ഐ അഭിഷേകിനും പരിക്കുണ്ട്. കെ.എസ്.വൈ.എഫിന്റെ പ്രതിഷേധ മാർച്ചോടെയാണ് സമരങ്ങൾ തുടങ്ങിയത്. പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പിന്നാലെ എം.എസ്.എഫിന്റെ പ്രവർത്തകർ പ്രതിഷേധവുമായെത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചവർക്കുനേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ ജില്ലാ സെക്രട്ടറി അൻസിഫ് അഷറഫ്, പ്രസിഡന്റ് സനോഫർ വിഴിഞ്ഞം, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് എന്നിവർക്ക് പരിക്കേറ്റു. ഇതിനുശേഷം മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ബാരിക്കേഡ് മറിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ വനിതാ പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഏതാനും മഹിളാ മോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിന് അകത്തേക്ക് ചാടിക്കടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. പ്രകോപിതരായ പ്രവർത്തകരും പൊലീസും തമ്മിൽ കൈയാങ്കളിയായി. വനിതാ പൊലീസ് ഇവർക്കുനേരെ ലാത്തി വീശി. സംഘർഷത്തിൽ മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാഘേന്ദുവിന് പരിക്കേറ്റു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ഒരു മണിക്കൂർ എം.ജി റോഡ് ഉപരോധിച്ചു. ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി. രാജേഷ് അടക്കമുള്ളവർ സ്ഥലത്തെത്തി. പിന്നാലെ എത്തിയ എ.ബി.വി.പി പ്രകടനത്തിനു നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു മാർച്ചും സംഘ‍ർഷത്തിൽ കലാശിച്ചു. കന്റോൺമെന്റ് റോഡിലേക്ക് വച്ചിരുന്ന ബാരിക്കേഡ് പ്രവർത്തകർ തള്ളിയിട്ടതോടെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രകോപിതരായ പ്രവർത്തകരും പൊലീസും തമ്മിൽ കൈയാങ്കളിയായി. തുടർന്നുള്ള പൊലീസ് ലാത്തിച്ചാർജിൽ സംസ്ഥാന പ്രസിഡന്റ്‌ കെ.എം. അഭിജിത്ത്, വൈസ് പ്രസിഡന്റ്‌ ജഷീർ പള്ളിവയൽ, നബീൽ കല്ലമ്പലം, ബാഹുൽകൃഷ്ണ, ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പ്പാടി, കൃഷ്ണകാന്ത്, സജിന, സാജൻ,ജിഹാദ്, ഉണ്ണി എന്നിവർക്ക് പരിക്കേറ്റു. പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്‌തു നീക്കി. സിറ്റി പൊലീസ് കമ്മിഷണർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഘ‍ർഷസാദ്ധ്യത കണക്കിലെടുത്ത് 250 പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ഇതിനിടെ സമരത്തിനെത്തിയ കെ.എസ്.യു പ്രവ‌ർത്തകരും യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരും ഏറ്റുമുട്ടി. കോളേജിന് മുന്നിലെ ഫ്ലക്‌സ് കെ.എസ്.യു പ്രവർത്തകർ നശിപ്പിച്ചതിനെച്ചൊല്ലിയായിരുന്നു സംഘർഷം. പൊലീസ് ഇടപെട്ട് സം‍ഘ‍ർഷം അവസാനിപ്പിച്ചു.