pinarayi-vijayan

തിരുവനന്തപുരം: നാടിന്റെ വികസനത്തിനായി സർക്കാർ ചെയ്യുന്ന കാര്യങ്ങളെ അട്ടിമറിക്കാനാണ് ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ എന്ത് ആഗ്രഹിക്കുന്നുവോ, അതു നടക്കരുത് എന്ന ചിന്തയാണ് സംസ്ഥാനത്ത് ഒരു കൂട്ടരെ നയിക്കുന്നതെന്നും ചില മാദ്ധ്യമങ്ങളും അതിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോന്നി ഗവ. മെഡിക്കൽ കോളേജിന്റെ ഒന്നാംഘട്ടം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലൈഫ് മിഷനെന്നാൽ കൈക്കൂലിയുടെ പദ്ധതിയെന്ന പ്രതീതി വരുത്താനല്ലേ ഇന്നലെയിറങ്ങിയ ഒരു പത്രം പ്രധാന തലക്കെട്ടിലൂടെ ശ്രമിച്ചത്. അതാണോ സ്ഥിതി. കൂരയില്ലാത്ത 2.26 ലക്ഷം കുടുംബങ്ങൾക്കല്ലേ വീട് കിട്ടിയത്. അവരിന്ന് സ്വന്തം വീടുകളിലാണ്. ഓരോ പ്രദേശത്തും എങ്ങനെയാണ് വീടുകൾ പൂർത്തിയാക്കിയതെന്ന് ജനങ്ങൾക്കറിയാം. ഏതെങ്കിലും കരാറുകാരനുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടന്നുവെങ്കിൽ അതിനെ ലൈഫ് മിഷനുമായി എന്തിന് ബന്ധപ്പെടുത്തണം?

സർക്കാർ ജനങ്ങൾക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ മറച്ചുവയ്ക്കനാണ് ഇത്തരത്തിലുള്ള പ്രചാരണം. ജനങ്ങളോടൊപ്പം സന്തോഷിക്കാൻ കഴിയാത്തവരാണ് കോന്നി മെഡിക്കൽ കോളേജിന്റെ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിച്ചത്.

കെടുകാര്യസ്ഥതയാൽ നിലച്ചുപോയ പദ്ധതി ഈ സർക്കാർ വന്നശേഷമാണ് പുനരാരംഭിച്ചത്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് പ്രധാനമായും സഹായിച്ചത് നമ്മുടെ മെച്ചപ്പെട്ട ആരോഗ്യസംവിധാനമാണ്.