plus-one

തിരുവനന്തപുരം: പ്ളസ് വൺ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുള്ളവർക്ക് 19 വരെ സ്കൂളുകളിൽ പ്രവേശനം നേടാം. സ്കൂളുകളിൽ പ്രവേശനം നേടേണ്ട ദിവസവും സമയവും ലിസ്റ്റിലുണ്ട്. 2,80,212 സീറ്റുകളിലേക്ക് 4,76,046 അപേക്ഷകളാണ് കിട്ടിയത്. ഇതിൽ 2,22,522 സീറ്റുകളിലെ അലോട്ട്മെന്റ് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. 22 ന് നടക്കുന്ന സേ പരീക്ഷയ്ക്കുശേഷം 28 ന് രണ്ടാം അലോട്ട്മെന്റും ഒക്ടോബർ ആദ്യവാരം സപ്ളിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.

കൊവിഡ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്കും കൊവിഡ് നിരീക്ഷണത്തിലുള്ളവർക്കും അവസാന തീയതിക്ക് മുമ്പ് സ്കൂളുകളിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഓൺലൈനായി പ്രവേശനം നേടാം. ഇതിനായി Online Joining ലിങ്കിൽ 17 മുതൽ കാൻഡിഡേറ്റ് ലോഗിൻ ലഭ്യമാകും. സർട്ടിഫിക്കറ്റിന്റെ സ്കാൻ കോപ്പികൾ അപ്‌ലോഡ് ചെയ്യണം. ഒന്നാം ഓപ്ഷനിലുള്ളവർ സ്ഥിരം പ്രവേശനത്തിനോ താത്കാലിക പ്രവേശനത്തിനോ താത്പര്യം അറിയിക്കണം. പ്രിൻസിപ്പൽമാർ സർട്ടിഫിക്കറ്റ് ഓൺലൈനായി പരിശോധിച്ച് പ്രവേശനം നൽകും. അടയ്ക്കേണ്ട തുക Fee Payment ലിങ്കിലൂടെ അടയ്ക്കണം. ഇവർ സ്കൂളിൽ ഹാജരാകാൻ പറ്റുന്ന ഏറ്റവും അടുത്ത ദിവസം സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പ്രിൻസിപ്പൽമാർക്ക് നൽകണം. സത്യമല്ലെന്ന് കണ്ടാൽ പ്രവേശനം റദ്ദാക്കും.