കുഴിത്തുറ: കളിയിക്കാവിള ചന്തയിൽ അമിതമായി കരം പിരിക്കുന്നതായി പരാതി. വ്യാപാരികൾ ഇന്നലെ ചന്തയടച്ച് സമരം നടത്തി. ഞായറാഴ്ച വൈകിട്ട് മിനിലോറിയിൽ തിരുനെൽവേലിയിൽ നിന്ന് വാഴക്കുലയുമായി എത്തിയ വാഹനത്തിന് സർക്കാർ അനുവദിച്ചിട്ടുള്ള കരമായ 75 രൂപയ്ക്കുപകരം, ചന്ത ലേലത്തിൽ പിടിച്ചയാൾ 400 രൂപയാണ് ആവശ്യപ്പെട്ടത്. ഡ്രൈവർ കൊടുക്കാൻ തയാറായെങ്കിലും, രസീത് നൽക്കുകയില്ലാന്നായി ചന്ത ലേലത്തിൽ പിടിച്ചവർ. തുടർന്ന് മിനിലോറി ചന്തയുടെ ഗേറ്റിനു സമീപം പാർക്ക് ചെയ്തശേഷം മറ്റുള്ള വ്യാപാരികളെ അറിയിക്കുകയും അവരുമായി ചന്തയിൽ തിരിച്ചു വന്നപ്പോൾ കുലയുമായി വന്ന മിനിലോറിയെ കാണാനില്ലായിരുന്നു. പരാതി നൽകുവാൻ കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ, വാഹനം കളിയിക്കാവിള പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയായിരുന്നു. ഇതോടെ,വ്യാപാരികൾ ചന്തയുടെ പ്രവർത്തനം നിറുത്തിപ്പിക്കുകയായിരുന്നു. അമിതമായി കരം പിരിക്കുന്നതിനെതിരെ കളിയിക്കാവിള വ്യാപാരി, വ്യവസായി സംഘം കന്യാകുമാരി ജില്ലാ കളക്ടർക്കും പരാതി നൽകി.
|