തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) കർശന നിരീക്ഷണമുള്ളതിനാൽ ജയിലിലെ ഫോൺവിളി സ്വപ്നയ്ക്ക് ചതുർത്ഥിയാണ്.ജയിലിൽ നിന്ന് പുറത്തേക്കു വിളിക്കാൻ സ്വപ്നയ്ക്ക് സ്മാർട്ട് ഫോൺ കാർഡ് നൽകിയിട്ടുണ്ട്. മൂന്ന് നമ്പറുകൾ മുൻകൂറായി രജിസ്റ്റർ ചെയ്ത് വിളിക്കാം. മറ്റൊരു നമ്പറിലേക്കും വിളിക്കാനാവില്ല. പക്ഷേ, ഈ സൗകര്യം പൂർണമായി ഉപയോഗിക്കുന്നില്ല. പുറത്തേക്കു വിളിക്കാൻ നൽകിയത് ഭർത്താവിന്റെയും മകളുടെയും ഓരോ നമ്പറുകൾ മാത്രം. ഫോണിലേക്ക് ഇൻകമിംഗ് സൗകര്യമില്ല. സ്വപ്ന രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറുകളും ഫോൺവിളികളുടെ ദൈർഘ്യവും അടക്കമുള്ള വിവരങ്ങൾ എൻ.ഐ.എ എസ്.പി രാഹുലിന് ജയിൽ വകുപ്പ് എല്ലാ ദിവസവും കൈമാറുന്നുണ്ട്. ഇക്കാര്യം ഡി.ഐ.ജി സാം തങ്കയ്യൻ ഉറപ്പാക്കണമെന്നാണ് ഋഷിരാജ് സിംഗിന്റെ ഉത്തരവ്.
സ്വപ്നയെ തൃശൂരിലെ വനിതാ ജയിലിലെത്തിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചപ്പോൾ ജയിൽ മെഡിക്കൽ ഓഫീസറെ വിളിച്ചുവരുത്തി പരിശോധിപ്പിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്നാണ് ഡോക്ടർ നിർദ്ദേശിച്ചത്. ഇതുപ്രകാരമാണ് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. അതിസുരക്ഷാ ജയിലിൽ കഴിയുന്ന കെ.ടി. റമീസിനും ഇതേസമയം വയറുവേദനയുണ്ടായതിൽ അസ്വാഭാവികതയില്ലെന്നാണ് ജയിൽവകുപ്പിന്റെ വിശദീകരണം.
സ്വപ്നയുടെയും റമീസിന്റെയും ആരോഗ്യസ്ഥിതിയെക്കുറിച്ച് രണ്ട് ജയിൽ സൂപ്രണ്ടുമാരും റിപ്പോർട്ട് നൽകുന്നുണ്ട്. സ്വപ്നയ്ക്ക് ആൻജിയോഗ്രാം വേണമെന്നും റമീസിനെ നിരീക്ഷണത്തിലാക്കണമെന്നുമുള്ള ഡോക്ടർമാരുടെ റിപ്പോർട്ടും കൈമാറി.