kettidam

കിളിമാനൂർ: എഴുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേശവപുരം കമ്മ്യൂണിറ്രി ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിടം യാഥാർത്ഥ്യമായി. പരിമിതികൾക്കിടയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഈ ആതുരാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ പുതിയ മന്ദിരം ഉപകരിക്കും. ഈ വർഷത്തെ "അരികെ " ജില്ലാതല സാന്ത്വന പരിചരണ പുരസ്കാരം, മികച്ച നഴ്സിനുള്ള രണ്ടാം സ്ഥാനം, ജില്ലയിലെ മികച്ച പാലിയേറ്റീവ് യൂണിറ്റ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ആശുപത്രിയെ തേടി എത്തിയിരുന്നു.

എന്നാലും സ്ഥലപരിമിതിയാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് തിരിച്ചടിയായിരുന്നത്.

2013ലാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. പല കാരണങ്ങളാൽ ഇത് നീണ്ടുപോയി. ദിവസവും നൂറിലധികം രോഗികളെത്തുന്ന ആശുപത്രിയിൽ സൗകര്യങ്ങൾ കുറവായിരുന്നത് എല്ലാവരെയും വലച്ചിരുന്നു. ഇതിന് പരിഹാരമായി പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കണമെന്നത് നീണ്ടനാളായുള്ള ആവശ്യമായിരുന്നു. ഇതിനാണ്

എഴുവർഷത്തിന് ശേഷം പരിഹാരമായത്. ഡോക്ടറുടെ പരിശോധനാമുറി, ഇൻജക്ഷൻ റൂം, ലാബ്, പാലിയേറ്രീവ് യൂണിറ്റ് എന്നിവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്.

മാതൃകയായി സഞ്ജീവനി യൂണിറ്റ്

ഗുരുതര രോഗങ്ങൾ ബാധിച്ചവരുടെ പരിചരണത്തിനായി ആശുപത്രിയിൽ ആരംഭിച്ച സഞ്ജീവനി പാലിയേറ്രീവ് കെയർ യൂണിറ്റ് എല്ലാ ആതുരാലയങ്ങൾക്കും മാതൃകയാണ്. ബ്ലോക്ക് പരിധിയിലെ മുഴുവൻ രോഗികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ഇതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ ആംബുലൻസ്, ആശുപത്രിയിലെ എൻ.എച്ച്.എം നിയമിച്ച നഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ്, രണ്ട് ജീവനക്കാർ എന്നിവരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. കാൻസർ, കിഡ്നി രോഗം തുടങ്ങിയ അസുഖങ്ങൾക്കായുള്ള വിലകൂടിയ മരുന്നുകളും സൗജന്യമായാണ് നൽകുന്നത്.

പുതിയ കെട്ടിടം വരുന്നതോടെ

01. ഒ.പി സൗകര്യം വർദ്ധിക്കും

02. കൂടുതൽ സ്ഥലസൗകര്യം

03. പാലിയേറ്റീവ് യൂണിറ്റ് പുതിയ കെട്ടിടത്തിൽ

04. സ്ത്രീകൾക്ക് വിശ്രമകേന്ദ്രം

05. ഇൻജക്ഷൻ റൂം, ലാബ്

കെട്ടിടത്തിനായി ലഭിച്ച ഫണ്ട് (വർഷം-തുക)

2013 -14: 1716543 രൂപ

2014-15: 3684715രൂപ

2015-16: 2700003 രൂപ

2016-17: 1145000 രൂപ

2017-18: 872620 രൂപ

ആരോഗ്യമേഖലയിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പുതിയ കെട്ടിട ഉദ്ഘാടനം ഈ മാസം തന്നെ നടത്തും. പുതിയ കെട്ടിടം വരുന്നതോടെ ദീർഘകാലമായി ഉണ്ടായിരുന്ന സ്ഥലപരിമിതിക്ക് പരിഹാരമാകും.

ശ്രീജ ഷൈജുദേവ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്