vld-1

വെള്ളറട: ഉണ്ടൻകോട് സ്കൂളിലെ എസ്.പി.സി, എൻ.എസ്.എസ് വിദ്യാർത്ഥികൾ സഹപാഠിക്കായി നിർമ്മിച്ച സ്നേഹക്കൂട് കൈമാറി . ഉണ്ടൻകോട് സ്കൂളിലെ വിദ്യാർത്ഥിയായ നന്ദിനിയും മാതാവ് ബിന്ദുവും അനുജത്തി ഹരിപ്രിയയും അടങ്ങുന്ന കുടുംബം 19 വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. കാൻസർ ബാധയെ തുടർന്ന് അച്ഛൻ മണികണ്ഠൻ 2018ൽ ആന്മഹത്യ ചെയ്തു. ഇതോടെ ഈ കുടുംബത്തിന് തണലേകാൻ ആരും ഇല്ലാതെയായി. വിദ്യാർത്ഥികൾ നാട്ടുകാരുടെ സഹായത്തോടെ മൂന്ന് സെന്റ് സ്ഥലം വാങ്ങി നൽകി. ആ സ്ഥലത്താണ് വിദ്യാർത്ഥി കൂട്ടായ്മ വീട് നിർമിച്ച് നൽകിയത്. വെള്ളറടയിലെ ഒരു ലോട്ടറികടയിലെ സ്റ്റാഫായി ജോലി നോക്കുന്ന ബിന്ദുവിന് കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് രണ്ടു മക്കളും അമ്മയും അടങ്ങുന്ന കുടുംബം ജീവിക്കുന്നത്. റൂറൽ എ.ഡി.എൻ.ഒ അനിൽ കുമാറും, സ്കൂൾ ലോക്കൽ മാനേജർ വിൽസന്റ് കെ. പീറ്റർ എന്നിവർ ചേർന്ന് താക്കോൽ കൈമാറി. വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി, പ്രിൻസിപ്പൽ റോസിലന്റ് കുമാരി, ഹെഡ്മാസ്റ്റർ ജയൻ, വെള്ളറട സി.ഐ എം. ശ്രീകുമാർ, എസ്. സതീഷ് ശേഖർ, പി.ടി.എ പ്രസിഡന്റ് ഡി. ബിജു തുടങ്ങിയവർ പങ്കെടുത്തു.