sky
സ്കൈ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊച്ചുണ്ണി സുലൈമാന്റെ കുടുംബത്തിനുള്ള ധനസഹായം പി.സി. ജോർജ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കൈമാറുന്നു

കിളിമാനൂർ: പള്ളിക്കൽ പഞ്ചായത്തിൽ കൊക്കോട്ടുകോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ചാരിറ്റബിൾ ട്രസ്റ്റ് കാഞ്ഞിരപ്പള്ളിയിലുള്ള നിർദ്ധന കുടുംബത്തിന് 6,31,500 രൂപയുടെ ധനസഹായം കൈമാറി. രണ്ട് മാസങ്ങൾക്ക് മുൻപ് സൗദിഅറേബ്യയിൽ ഹൃദയഘാതം മൂലം മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി കൊച്ചുണ്ണി സുലൈമാന്റെ കുടുംബത്തിനാണ് ധനസഹായം നൽകിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷയുമായിരുന്നു മരണത്തോടെ ഇല്ലാതായത്. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്.

സ്കൈ ചാരിറ്റബിൾ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് അംഗം ഷാനവാസ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ സൗദിയിൽ സുലൈമാൻ ജോലി ചെയ്തിരുന്ന കമ്പനിയിലെ ജീവനക്കാരും മറ്റും സ്വരൂപിച്ച തുകയാണ് ട്രസ്റ്റ് ചെയർമാൻ ആലുംമൂട്ടിൽ അസബറിന്റെയും ജനറൽ സെക്രട്ടറി അൻവർ പള്ളിക്കലിന്റെയും നേതൃത്വത്തിൽ കൈമാറിയത്. പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജ്, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ, വാർഡ് മെമ്പർ ബീന, ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് കൊടിയിൽ, റിയാസ് തോട്ടത്തിൽ, ജിയാസ്, സുദീർഖാൻ ട്രഷറർ ബദർ സമാൻ എന്നിവർ പങ്കെടുത്തു.