വെള്ളറട: അനുവിന്റെ മരണത്തിന് സർക്കാരാണ് ഉത്തരവാദിയെന്നും അനുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് എൽ.ഡി.എഫ് സർക്കാരിന്റെയും പി.എസ്.സി യുടെയും ഒത്തുകളിയാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അനുവിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളോട് സംസാരിച്ചശേഷം നിരാഹാര സത്യാഗ്രഹം നടത്തിവന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറം വാതിലിലൂടെ ബന്ധുക്കളെയും പാർട്ടി അണികളെയും തിരുകി കയറ്റുന്നതുകാരണം പി.എസ്.സി പരീക്ഷയെഴുതി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലികിട്ടാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പിൻവാതിൽ നിയമനം ഇല്ലാതിരുന്നതിനാൽ അർഹരായവർക്കുള്ള ജോലി ലഭിക്കുമായിരുന്നു. അനുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകാൻ സർക്കാർ തയ്യാറാകുന്നതുവരെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പോരാട്ടങ്ങൾ തുടരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എം.എൽ.എമാരായ ഷാബി പറമ്പിൽ, ശബരീനാഥ്, എം.വിൽസന്റ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,കെ.പി.സി.സി ഭാരവാഹികളായ ആർ.വത്സലൻ, അൻസജിതാറസൽ,എ.റ്റി.ജോർജ്, യൂത്ത് കോൺഗ്രസ് നേതാക്കൾ എന്നിവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുവിന്റെ വീടിനു മുന്നിൽ നടത്തിവന്ന നിരാഹാര സമരം ഉമ്മൻചാണ്ടി നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു.