തിരുവനന്തപുരം: അടിത്തട്ടിളകി തക‌ർച്ചയുടെ വക്കിലായ പേട്ട റെയിൽവേ ഓവർബ്രിഡ്‌ജിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കും. മന്ത്രി ജി. സുധാകരൻ ഇടപെട്ടതിനെ തുടർന്നാണിത്. കേരള റോഡ് ഫണ്ട് ബോ‌ർഡിനാണ് അറ്റകുറ്റപ്പണികളുടെ ചുമതല. കേരളകൗമുദി ഇന്നലെ പാലത്തിന്റെ തകർച്ചയെക്കുറിച്ച് വാർത്ത നൽകിയതിന് പിന്നാലെയാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്. കെ.ആർ.എഫ്.ഡിയുടെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കും. ഇതിനായുള്ള നിർദ്ദേശങ്ങൾ ബോർഡിന് നൽകിയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പള്ളിമുക്കിൽ നിന്നു പേട്ട ജംഗഷനിലേക്ക് പോകുന്ന ഭാഗത്ത് കെട്ടി ഉയർത്തിയിരിക്കുന്ന കൂറ്റൻ കരിങ്കൽ കെട്ടിലെ പാറകൾ ശക്തമായ മഴയിൽ ഇളകിവീണാണ് ഓവർബ്രിഡ്‌ജ് അപകടാവസ്ഥയിലായത്. പാറകൾ അടർന്ന് അടിത്തട്ടിലെ മണ്ണ് ഇളകിയതോടെ പാലത്തിന് ബലക്ഷയം സംഭവിച്ചതായി നാട്ടുകാർ പറയുന്നു.

''

അറ്റകുറ്റപ്പണികൾക്കായുള്ള നിർദ്ദേശം കെ.ആർ.എഫ്.ഡിക്ക് നൽകിയിട്ടുണ്ട്.

എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിച്ച് ജോലികൾ ആരംഭിക്കും

മന്ത്രി ജി. സുധാകരൻ