cpm-central-committe

തിരുവനന്തപുരം: സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ ഇടപാടുകളുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളിൽ സർക്കാരിനെ കടന്നാക്രമിക്കാനുള്ള യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയനീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാൻ സി.പി.എം .18ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച ബദൽ തന്ത്രങ്ങൾ ചർച്ച ചെയ്യും.

മന്ത്രി ജലീലിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആക്ഷേപങ്ങൾ രാഷ്ട്രീയപ്രേരിതമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതിന് പിന്നാലെ, മന്ത്രി ഇ.പി. ജയരാജനെതിരെ ഉയർത്തുന്ന ആരോപണങ്ങളും ലൈഫ് മിഷൻ പദ്ധതിയിലടക്കം സർക്കാരുണ്ടാക്കിയ നേട്ടങ്ങളെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് .ജനം ടി.വി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽനമ്പ്യാരെ ചോദ്യം ചെയ്തതിന് പിന്നാലെ, സ്വർണക്കടത്ത് കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാരംഭിച്ചു. അതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പുതിയ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്.. പ്രത്യാക്രമണമെന്നോണം, കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ ആരോപണവും ഇന്നലെ സി.പി.എം ഉയർത്തി.

മന്ത്രി ജലീലിനെതിരായ ആക്രമണത്തിന് പിന്നിൽ മറ്റ് ചില ലക്ഷ്യങ്ങളാണെന്ന ആരോപണവും ഇടതുകേന്ദ്രങ്ങൾ ഉയർത്തുന്നു. മുസ്ലിം മതന്യൂനപക്ഷത്തെ ലാക്കാക്കിയുള്ള ആക്രമണമാണെന്ന് വരുത്തുക വഴി മറ്റ് പല രാഷ്ട്രീയമാനങ്ങളും ഇതിൽ കാണുന്നു.മന്ത്രി ജയരാജന്റെ മകൻ പാസ്പോർട്ട് പ്രശ്നത്തിൽ നേരത്തേ യു.എ.ഇ കോൺസുലേറ്റിലെത്തി സഹായം തേടിയിരുന്നെങ്കിലും, അതിൽ കവിഞ്ഞ ബന്ധങ്ങളൊന്നും ഇതിലില്ല.അന്ന് പാസ്പോർട്ട് പ്രശ്നം പരിഹരിച്ച് കൊടുത്തതിന് ബന്ധപ്പെട്ടവർക്ക് വിരുന്ന് നൽകിയതിന്റെ ചിത്രമാണിപ്പോൾ പ്രചരിക്കുന്നത്. സ്വർണക്കടത്ത് കേസ് പ്രതിയുമായി മറ്റ് ബന്ധമൊന്നും മന്ത്രിപുത്രനില്ലെന്നിരിക്കെ, രാഷ്ട്രീയ ദുഷ്ടലാക്കോടെ സർക്കാരിനെ കരിവാരിത്തേയ്ക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ലക്ഷ്യമിടുന്നത്.

അഴീക്കോടൻ ദിനമായ 23 മുതൽ ഇതുസംബന്ധിച്ച് ഒരാഴ്ചത്തെ പ്രചാരണപരിപാടിക്ക് പാർട്ടി ആലോചിക്കുന്നു. 25ന് സംസ്ഥാന സെക്രട്ടേറിയറ്റും 26ന് സംസ്ഥാനകമ്മിറ്റിയും അംഗങ്ങളെല്ലാവരും നേരിട്ട് പങ്കെടുത്ത് ചേരും. 21ന് കേന്ദ്രം കൂടുതൽ ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലാണിത്.