കൊച്ചി: ബാറും ജിമ്മുമെല്ലാം തുറന്നു പ്രവർത്തിക്കുമ്പോഴും കലാപഠനത്തിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനങ്ങളൊന്നുമായിട്ടില്ല. വേഷചമയങ്ങളോടെ പ്രകടനം കാഴ്ചവെക്കാനാവാത്ത വിഷമത്തിലാണ് കുട്ടികളെല്ലാം. ഓൺലൈൻ വഴി മിക്ക കുട്ടികളും നൃത്തം അഭ്യസിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ലെന്നാണ് അദ്ധ്യാപകരും രക്ഷിതാക്കളും പറയുന്നത്.
കൊവിഡ് നിയന്ത്രണങ്ങളിൽ ആദ്യമേ പൂട്ടു വീണ നൃത്ത വിദ്യാലയങ്ങളെല്ലാം അടച്ചുപൂട്ടൽ ഭീഷണിയിലാണ്. 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് എന്ന് പഠനം ആരംഭിക്കാനാകും എന്ന കാര്യത്തിൽ വ്യക്തതയില്ല. വാടകയ്ക്കെടുത്ത കെട്ടിടങ്ങളെല്ലാം ഒഴിഞ്ഞു തുടങ്ങി. അദ്ധ്യാപകരുടെ ശമ്പളവും വാടകയും നൽകാനാവാത്ത സ്ഥിതിയാണ്. കലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരാണ് വരുമാനമില്ലാതെ വീട്ടിലിരിക്കുന്നത്. കൊവിഡ് ഭീതിയിൽ നിരവധി സ്റ്റേജ് പരിപാടികളും നഷ്ടമായി.
ഓൺലൈൻ പരിമിതികൾ
ഓൺലൈനിൽ കലാപരിശീലനങ്ങൾ നടക്കുന്നുണ്ടെങ്കിലും, നേരിൽ നൽകുന്ന പരിശീലനത്തിന്റെ ഗുണം ലഭിക്കില്ലെന്ന് കലാ അദ്ധ്യാപകർ പറയുന്നത്. നൃത്തപഠനം ഫലവത്താകണമെങ്കിൽ പരിശീലകർ ഒപ്പം നിന്ന് ചുവടുകളും മുദ്രകളും പറഞ്ഞുകൊടുക്കണം. കലാ പഠനം ആരംഭിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠനത്തെ ആശ്രയിക്കാനാവില്ല. പ്രത്യേകിച്ച് കൊച്ചു കുട്ടികൾക്ക്. മിക്ക നൃത്ത വിദ്യാലയങ്ങളിലും ഇരുനൂറിൽ കൂടുതൽ കുട്ടികളുണ്ട്. ഇവർക്കെല്ലാം ഓൺലൈൻ പഠനം നൽകുക ബുദ്ധിമുട്ടാണ്. മറ്റു ഓൺലൈൻ ക്ലാസുകൾ ഉള്ളതിനാൽ സമയ ക്രമീകരണത്തിൽ വളരെ ബുദ്ധിമുട്ടുണ്ടാകുന്നു. ഇതുവരെയായിട്ടും എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ് നൽകാനാവാത്ത നൃത്ത വിദ്യാലയങ്ങളുണ്ട്.
മനോവിഷമത്തിൽ കുട്ടികളും
അവധിക്കാലത്ത് കലാ പഠനം ആരംഭിക്കുന്ന നിരവധി കുട്ടികളുണ്ട്. സ്കൂളുകൾ തുറക്കുമ്പോഴെക്കും അടിത്തറ കിട്ടിയിട്ടുണ്ടാകും. എന്നാൽ ഇത്തവണ അവധിക്കാല പഠനവും നഷ്ടമായി. നിരവധി കുട്ടികൾക്കാണ് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള അവസാന അവസരം നഷ്ടപ്പെടുന്നത്. കലാ പഠനം കഴിവു മാത്രമല്ല ശാരീരിക വ്യായാമത്തിനും മാനസിക സംഘർഷം കുറയ്ക്കാനും ഉത്തമമാണ്. വീടുകളിൽ ഒതുങ്ങിയിരിക്കുന്നതിന്റെ മുഷിച്ചിൽ മാറാൻ കലാപഠന ക്ലാസുകൾ ആരംഭിക്കുന്നത് വളരെ സഹായകമാകും.
ശ്രദ്ധയോടെ നൃത്ത പഠനം നടത്താം
നൃത്ത പഠനം നടക്കുമ്പോൾ ശാരീരിക സ്പർശനം വളരെ കുറവാണ്. സാമൂഹ്യ അകലം പാലിച്ച് കുട്ടികളുടെ എണ്ണം കുറച്ച് പല ബാച്ചുകളായി പഠനം നടത്താനാകും. ക്ലാസുകൾ ആരംഭിക്കാൻ വൈകുന്നത് കുട്ടികളെ മാനസികവും ശാരീരികവുമായി ബാധിക്കും."
സൗമ്യ സതീഷ്
ഭാരത കലാമന്ദിർ
നൃത്ത വിദ്യാലയം