തിരുവനന്തപുരം: രാജ്യത്തെ വിറ്റുതുലയ്ക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഉപജീവനത്തിനും സമത്വത്തിനും നീതിക്കുംവേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ ദേശീയ വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി സ്റ്റേറ്റ് കൗൺസിൽ ഓഫീസ് ബ്രാഞ്ച് സംഘടിപ്പിച്ച പ്രതിഷേധ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓഫീസ് ബ്രാഞ്ച് സെക്രട്ടറി യു. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം അഡ്വ. പി. വസന്തം, സംസ്ഥാന കൗൺസിൽ അംഗം ശുഭേഷ് സുധാകരൻ, കെ.പി. വിജയകുമാർ എന്നിവർ സംസാരിച്ചു.
ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിൽ പാലക്കാട് കിഴക്കഞ്ചേരിയിലും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ. പ്രകാശ് ബാബു കൊല്ലം ജില്ലയിലെ കുന്നിക്കോട്ടും സത്യൻ മൊകേരി തിരുവനന്തപുരം ആർ.എം.എസിനു മുന്നിലും സമരം ഉദ്ഘാടനം ചെയ്തു. പതിനായിരത്തിലധികം പാർട്ടി ബ്രാഞ്ചുകളിൽ പ്രതിഷേധ സമരം നടന്നതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.