തിരുവനന്തപുരം: നഗരസഭയുടെയും പേട്ട സെന്റ് ആൻസ് ഇടവകയുടെയും നേതൃത്വത്തിൽ ചാക്ക മുടുമ്പിൽ വീട്ടിൽ അരുൾ ദാസിനായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. അരുൾദാസിന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയാണ് മൂന്ന് സെന്റിൽ അരുൾ ദാസിന് വീടൊരുക്കിയത്. അമ്മയും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ് അരുൾദാസിന്റേത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 4.25 ലക്ഷം രൂപ നഗരസഭയും 4 ലക്ഷം രൂപ സെന്റ് ആൻസ് ചർച്ചും ചെലവഴിച്ചാണ് 550 സ്‌ക്വയർഫീറ്റിൽ വീടൊരുക്കിയത്. ചടങ്ങിൽ ഇടവക വികാരി ഫാ. ഡേവിഡ്‌സൺ വീടിന്റെ ആശീർവാദ കർമ്മങ്ങൾ നടത്തി. പേട്ട സെന്റ് ആൻസ് ഫെറോന ചർച്ചിന്റെ വാർഷിക തിരുനാൾ ചെലവ് ചുരുക്കി നടത്തിക്കൊണ്ട് നടപ്പാക്കുന്ന ' ഒരു തിരുനാൾ ഒരു ഭവനം' പദ്ധതിയുടെ ഭാഗമായുള്ള ഇരുപതാമത്തെ വീടാണിത്.