bank-loan

തിരുവനന്തപുരം: ഈ വർഷം ആയിരം യുവസംരംഭകർക്ക് വ്യവസായ സംരംഭം തുടങ്ങാൻ 50 ലക്ഷം രൂപവരെ വീതം കെ.എഫ്.സി വായ്പ നൽകും. പദ്ധതി ചെലവിന്റെ പരമാവധി 90 ശതമാനം വരെ നൽകുന്ന വായ്പയ്ക്ക് 7 ശതമാനം പലിശ മാത്രമേ കെ.എഫ്.സി ഈടാക്കൂ എന്ന് കെ.എഫ്.സി ചെയർമാനും എം.ഡിയുമായ ടോമിൻ ജെ.തച്ചങ്കരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രതിവർഷം ആയിരം എന്ന തോതിൽ 5 വർഷംകൊണ്ട് 5000 സംരംഭകരെ സഹായിക്കാനാണ് പരിപാടി.

50 വയസിൽ താഴെയുള്ള തൊഴിൽ രഹിതർ, വിദേശത്തുനിന്ന് മടങ്ങിവന്നവർ , സ്റ്റാർട്ട് അപ്പുകൾ എന്നിവർക്കാണ് വായ്പ. വിദേശത്തുനിന്ന് വരുന്നവർക്കും വനിതകൾക്കും പട്ടിക ജാതി പട്ടിക വർഗക്കാർക്കും വയസിൽ 5 വർഷത്തെ ഇളവുണ്ട്.

വിദേശത്തുനിന്നു വരുന്നവർക്ക് നോർക്കയുടെ എൻ.ഡി.പി..ആർ.ഇ.എം പദ്ധതി ആനുകൂല്യമുള്ളതിനാൽ നാല് ശതമാനമായി പലിശനിരക്ക് കുറയും.

മൂന്ന് ലക്ഷം രൂപ വരെ അതായത് പ്രോജക്ട് കോസ്റ്റിന്റെ 15 ശതമാനം ബാക്കെൻഡ് സബ്സിഡിയും ലഭിക്കും. ഫലത്തിൽ ഈ സംരംഭകർക്ക് 3.5 ശതമാനം പലിശയ്ക്ക് വായ്പ കിട്ടും.

സ്വന്തമായി ഓഫീസില്ലാതെ വീട്ടിലിരുന്ന കമ്പ്യൂട്ടർ വഴി സംരംഭം നടത്തുന്നവർക്കും ഈടില്ലാത്ത വായ്പ നൽകും.വായ്പ ടേം ലോണായോ വർക്കിങ് കാപ്പിറ്റൽ ലോണായോ എടുക്കാം. ഈട് നൽകാത്തവരുടെ ബാങ്ക് ഇടപാടുകൾ കെ.എസ്. എഫ്.ഈ ഓൺലൈൻ ആയി നിരീക്ഷിക്കും. വീട്ടിൽ വച്ചാണ് ജോലി ചെയ്യുന്നതെങ്കിൽ അത് നീരീക്ഷിക്കാൻ രണ്ട് കാമറകൾ സംഘടിപ്പിക്കും. 50 ലക്ഷത്തിൽ കൂടുതൽ വായ്പ ആവശ്യമെങ്കിൽ പല സ്‌കീമുകളിലായി എടുക്കാം. ആദ്യ വർഷം പലിശ മാത്രം തിരിച്ചടച്ചാൽ മതി. ഐ.ടി മേഖലയിലെ സംരംഭങ്ങൾക്കാണ് ഈ വായ്പയിൽ മുൻഗണന. നൽകുക. ഓൺലൈൻ ആയി അപേക്ഷിക്കണം. അപേക്ഷിച്ച് ഒരാഴ്ചക്കുള്ളിൽ വായ്പ അംഗീകരച്ചോ ഇല്ലയോ എന്നറിയാം.

സംരംഭകരെല്ലാ കെ.എഫ് സിയുടെ പരിശീലനം നേടണം. ഇതുവരെ 2400 ഓളം പേരാണ് സി.എം.ഇ ഡി.പി ഈ പദ്ധതിയലേക്ക് രജിസ്റ്റർ ചെയ്തത്. 765 പേർ യോഗ്യത നേടി. 151 പേർക്ക് പരിശീലനം നൽകി. കോഴക്കോട് നിന്ന് മത്സ്യം വാങ്ങി ഐസിലിട്ട് വയനാട്ടിൽ വിതരണം ചെയ്യുന്ന പദ്ധതി വരെ അംഗീകരിച്ച സ്‌കീമുകളിൽ ഉണ്ടെന്ന് സി.എം.ഡി പറഞ്ഞു.

ബാർ ഹോട്ടലുകൾ, ക്രഷറുകൾ, കൊമേഴ്സ്യൽ കെട്ടിടം, ട്രേഡിംഗ് ട്രാൻസ്‌പോർട്ടേഷൻ, സീരിയൽ നിർമ്മാണം എന്നിവ ഈ വായ്പ പരിധിയിൽ വരില്ല.

കെ.എഫ്.സിയുടെ കിട്ടാക്കടം ഇപ്പോൾ 4.7 ശതമാനമാണെന്നും തച്ചങ്കരി അറിയിച്ചു.