തിരുവനന്തപുരം: ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുമായ അഡ്വ.ജി. സുബോധനെ കെ.പി.സി.സി സെക്രട്ടറിയായി നിയമിച്ചു. കിലെ ചെയർമാൻ, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, മിനിമം വേജസ് അഡ്വൈസറി ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൊഴിൽ മേഖലയിൽ നൽകിയ സംഭാവനകളെ പരിഗണിച്ച് സതേൺ റെയിൽവേ കൺസൾടേറ്റിവ് ആസ്ഥാനത്തു നിന്നും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. തൊഴിലാളി മേഖലയിലെ പ്രവർത്തന മികവ് കണക്കിലെടുത്ത് 2015ൽ ടെഡ് ഫൗണ്ടേഷൻ ലണ്ടനിൽ വച്ച് പുരസ്‌കാരം നൽകിയിരുന്നു. സംസ്ഥാന തലത്തിൽ പതിനൊന്ന് സംഘടനകളുടെ ഭാരവാഹിയായ സുബോധൻ നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ച് തൊഴിൽ, സഹകരണ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറിയായി നിയമിതനായ ശേഷം അഡ്വ.ജി. സുബോധൻ പത്രാധിപർ കെ. സുകുമാരന്റെ സ്‌മൃതികുടീരത്തിൽ പുഷ്‌പാർച്ചന നടത്തി. പേട്ട വാർഡ് കൗൺസിലർ ഡി. അനിൽകുമാർ, പെരിങ്ങമ്മല ബിനു, ജയരാമൻ എന്നിവർ പങ്കെടുത്തു.