തിരുവനന്തപുരം:ശംഖുംമുഖം ബീച്ച്‌ റോഡിന്റെ ഒന്നാംഘട്ട നിർമ്മാണോദ്ഘാടനം 100 ദിന കർമ്മപരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി 15ന് വൈകിട്ട് 3ന് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. റീബിൽഡ്‌കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 5.39കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയ പ്രവൃത്തിയുടെ ഒന്നാംഘട്ടമായ സംരക്ഷണ ഭിത്തി (ഡയഫ്രം വാൾ) നിർമ്മിക്കുന്നതിനുള്ള പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.4.29കോടി രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പും സെൻട്രൽറോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സ്ഥലപരിശോധന നടത്തി.കടലാക്രമണത്തെ പ്രതിരോധിക്കുന്ന പുത്തൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഡിസൈനാണ് തയ്യാറാക്കിയിട്ടുള്ളത്.മന്ത്രി ജി.സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ ശ്രീ. കെ. ശ്രീകുമാർ എന്നിവർ പങ്കെടുക്കും.