കോവളം: കല്ലിയൂർ പഞ്ചായത്തിൽ സുരേഷ്ഗോപി എം.പിയുടെ വികസനഫണ്ടിൽ നിന്നും അനുവദിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം സുരേഷ്ഗോപി എം.പി നിർവഹിച്ചു. ഒന്നേകാൽ കോടി രൂപയോളം വരുന്ന പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പിലാക്കിയത്. ശാന്തിവിള മാർക്കറ്റിന്റെ പുതിയ കെട്ടിടനിർമ്മാണത്തിലേക്കായി 75 ലക്ഷം, കച്ചവടക്കാർക്കും കൃഷിക്കാർക്കും വേണ്ടി കോൾഡ് സ്റ്റോറേജ്, ഇൻക്യുബേറ്റർ തുടങ്ങിയവയാണ് വരും കാലയളവിൽ വിഭാവനം ചെയ്തിരിക്കുന്നത്. കല്ലിയൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിലേക്കായി അൻപത് ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിന്റെയും സ്വിച്ച് ഓൺ പുന്നമൂട്ടിൽ നിർവഹിച്ചു. നേമം ഗവ: യു.പി.എസ് സ്കൂളിൽ എം.പിയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. പഞ്ചായത്തിനെ കേന്ദ്ര പദ്ധതിയായ ആദർശ ഗ്രാമ യോജനയിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപയോളം പഞ്ചായത്തിൽ വിവിധ പദ്ധതികൾക്കായി വിനിയോഗിച്ചിരുന്നു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി, വൈസ് പ്രസിഡന്റ് എസ്. കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പത്മകുമാർ, ജില്ലാ പഞ്ചായത്തംഗം ലതകുമാരി, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി. സതീശൻ, വിനുകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സരിത, ചന്തുകൃഷ്ണ, കൃഷ്ണകുമാരി, രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.