തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീൽ രാജി വയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഒരന്വേഷണത്തിന്റെ ഭാഗമായി രാജിവയ്ക്കുകയെന്നത് ഒരു കാലത്തും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നമ്മുടെ നാട്ടിൽ ഇത്തരത്തിൽ എത്രയോ അനുഭവങ്ങളില്ലേ. ഇവിടെ ചില പരാതികൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവർ വ്യക്തത വരുത്താൻ മന്ത്രിയോട് വിശദീകരണം തേടി. അദ്ദേഹത്തിനെതിരെ എന്തെങ്കിലും കുറ്റം ചാർത്തപ്പെട്ടിട്ടില്ല. അതുമായി ബന്ധപ്പെട്ട് അന്വേഷണവുമില്ല. സ്വർണക്കടത്തിലെ പ്രതികളെ ഏകദേശം കണ്ടെത്തിയിരിക്കുന്നു. ഇനി ആരെയെങ്കിലും കണ്ടെത്തേണ്ടതുണ്ടെങ്കിൽ, അതിനുള്ള അന്വേഷണം ബന്ധപ്പെട്ട ഏജൻസികൾ ശക്തമായി തുടരുകയുമാണ്. അതിനിടയ്ക്കാണ് ഖുറാൻ ജലീലിന് കൊടുത്തതുമായി ബന്ധപ്പെട്ട പ്രശ്നം വരുന്നത്. അതുയർത്തിയാണ്, ജലീലിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് പ്രതിപക്ഷം, പറയുന്നത്. എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണത്? . സങ്കല്പകഥ കെട്ടിച്ചമച്ചുണ്ടാക്കി അതിന്റെ മേലെ രാജി ആവശ്യപ്പെടുന്നത് ഇന്നുവരെ കേരളത്തിൽ നടന്ന ഏതെങ്കിലും പ്രക്ഷോഭത്തിന് തുല്യമാണോ? സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള വഴികളെന്തെന്ന് അന്വേഷിച്ച്, ഒന്നും കിട്ടാതിരിക്കുമ്പോൾ കെട്ടിച്ചമയ്ക്കുകയാണ്. അതിനെന്തിന് രാജിവയ്ക്കണം?
ജലീലിനെതിരെ ഒട്ടേറെ പരാതികൾ അന്വേഷണ ഏജൻസിയിലേക്ക് പോയിരുന്നു. ഖുറാനുമായി ബന്ധപ്പെട്ട പ്രശ്നം സാധാരണരീതിയിൽ വിവാദമാകേണ്ടതല്ല. യു.എ.ഇ കോൺസുലേറ്റ് വഴിയാണവ എത്തിയത്. ജലീൽ വഖഫ് ബോർഡിന്റെ മന്ത്രി കൂടിയാണ്. റംസാൻ കാലത്ത് സക്കാത്ത് കൊടുക്കലും മതഗ്രന്ഥങ്ങൾ വിതരണം ചെയ്യലുമൊന്നും എവിടെയും കുറ്റകരമല്ല. യു.എ.ഇ കോൺസുലേറ്റ് ജനറൽ ഇക്കാര്യം അറിയിച്ചപ്പോൾ, അദ്ദേഹം സഹായം നൽകി. അദ്ദേഹം തന്നെ അത് തെളിവ് സഹിതം പരസ്യമാക്കിയതാണ്. മതഗ്രന്ഥം കിട്ടി, കൊണ്ടുപോയി, സൂക്ഷിച്ചു. എന്ത് കുറ്റമാണതിലുള്ളത്?.
എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത കാര്യം ജലീൽ മാദ്ധ്യമങ്ങളോട് മറച്ചുവച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ, അതൊന്നും തനിക്കറിയില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
അന്വേഷണ ഏജൻസികളെ വഴിതെറ്റിക്കാൻ
ഇല്ലാക്കഥകൾ കെട്ടിച്ചമയ്ക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രി ഇ.പി. ജയരാജന്റെ കുടുംബത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അന്വേഷണ ഏജൻസികളെ വഴിതെറ്റിക്കാൻ ഇല്ലാക്കഥകൾ കെട്ടിച്ചമയ്ക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 1996ലെ തിരഞ്ഞെടുപ്പ് മത്സരവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവവും അദ്ദേഹം വിവരിച്ചു. അപവാദങ്ങൾ പ്രചരിപ്പിക്കൽ തൊഴിലായി സ്വീകരിച്ചവരുണ്ട്. ജലീലിന്റെ കാര്യത്തിൽ കാണാൻ കഴിയുന്നത് അതാണ്. മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ച് ലോക്കർ തുറന്നു, അടിയന്തര ഇടപാടിൽ അന്വേഷണമെന്നാണ് മറ്റൊരു വാർത്ത. ഏതന്വേഷണമാണ്? ബാങ്കിൽ സീനിയർ മാനേജരായി വിരമിച്ച സ്ത്രീക്ക് ബാങ്കിൽ സ്വന്തം പേരിൽ ലോക്കറുണ്ടാവുന്നത് ആശ്ചര്യമാണോ? ലോക്കറിൽ കണ്ടെത്തിയതെന്താ? ഒരു പവന്റെ മാല. അതെടുത്ത് തൂക്കം നോക്കിച്ചു. ഭയങ്കര കുറ്റം തന്നെ. അവർ ബാങ്കിൽ പോയതും ലോക്കർ ഉപയോഗിച്ചതും സ്വർണം തൂക്കിനോക്കിയതും വസ്തുതയായിരിക്കും. അവർ പ്രവർത്തിച്ച സ്ഥലത്തെ സ്വന്തം ലോക്കറുപയോഗിച്ച്, അതിലെ സ്വർണം തൂക്കിനോക്കിയെങ്കിൽ എന്തെങ്കിലും ആവശ്യമുണ്ടായിക്കാണും. അതും ഇതുമായി എന്ത് ബന്ധം? ഇവരുടെ മകനും സ്വപ്ന സുരേഷുമായി ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണമാരംഭിച്ചതിനു പിന്നാലെയാണ് ജയരാജന്റെ ഭാര്യ ഇന്ദിര ലോക്കർ തുറന്നത് എന്ന്. ഏത് ഏജൻസിയാണ് അന്വേഷണമാരംഭിച്ചത്? അന്വേഷണ ഏജൻസികളോട് നിങ്ങൾ ഈ വഴിക്ക് സഞ്ചരിക്കൂ, ഇതന്വേഷിക്കൂ, ഇവരെ വിളിക്കൂ എന്ന് പറയുകയാണ്. എനിക്കെതിരെ ഒരുപാട് ആരോപണങ്ങൾ കെട്ടിച്ചമച്ച കാലമുണ്ടായിരുന്നല്ലോ. നാട്ടിലെ സ്വത്ത് മുഴുവൻ എന്റേതാണ്, ഏത് നല്ല വീട് കണ്ടാലും എല്ലാം പിണറായി വിജയന്റേതാണ് എന്നു പ്രചരിപ്പിച്ചുനടന്ന കാലം. ആ കാലത്ത് ഒരു സംഘം ഒരാളെ സൃഷ്ടിച്ചു. അയാൾ പറയുകയാണ്, 96ലെ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുമ്പോൾ തന്നെ ഞാനാണ് വൈദ്യുതിമന്ത്രിയെന്ന് കണ്ടെത്തിയെന്നും ആ മന്ത്രിയെ സ്വാധീനിക്കാൻ എന്റെ കൈയിൽ രണ്ട് കോടി തന്നുവെന്നും. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടില്ല, ജയിച്ചിട്ടില്ല, മന്ത്രിസഭ വന്നിട്ടുമില്ല. അതിനുമുമ്പ് പറയുകയാണ്. പരാതി സി.ബി.ഐക്ക് കൊടുത്തു. സ്വാഭാവികമായി അവർ അന്വേഷിക്കാൻ വിളിക്കുമല്ലോ. അവരെന്നോട് പറഞ്ഞത്, ഇത് കളവാണെന്നറിയാം, എങ്കിലും എന്താണ് കാര്യമെന്നറിയാൻ വിളിച്ചുവെന്നേയുള്ളൂ എന്നാണ്. നാട്ടിൽ അന്വേഷണ ഏജൻസികളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. നിക്ഷിപ്തതാത്പര്യക്കാരുടെ ആ ജോലി മാദ്ധ്യമങ്ങളേറ്റെടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.