pinarayi

തിരുവനന്തപുരം: വ്യാജവാർത്തകൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനും അതിനുപിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാനതല പൊലീസ് സംഘത്തിന് രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എ.ഡി.ജി.പി മനോജ് എബ്രഹാമാണ് നേതൃത്വം നൽകുക.

സമാധാനം തകർക്കാനും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനും ചില വ്യക്തികളും സംഘടനകളും ശ്രമിച്ചുവരികയാണ്. കഴിഞ്ഞദിവസം മന്ത്രി കെ.ടി. ജലീലിനെ വഴിയിൽ കാർ കുറുകെ കയറ്റി തടയാൻ ശ്രമിച്ചത് അത്തരത്തിലൊന്നാണ്. കൊല്ലം പാരിപ്പള്ളി ജംഗ്ഷനടുത്താണ് മന്ത്രിയെ തടഞ്ഞത്.
കാറുകണ്ട് മന്ത്രിയുടെ വാഹനം വേഗം കുറച്ചപ്പോൾ യുവമോർച്ച പ്രവർത്തകർ ചാടിവീണു. അതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോനെതിരെ തുടർച്ചയായി അതിക്രമം നടത്തുകയാണ്. എം.എൽ.എയുടെ നേരെ മുണ്ടുപൊക്കിക്കാണിച്ചാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. നിയമസഭയിൽ അവിശ്വാസപ്രമേയ ചർച്ചയിൽ രാഷ്ട്രീയം പറഞ്ഞു എന്നതാണ് കുഞ്ഞുമോനെതിരായ കുറ്റം.

കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് കുഞ്ഞുമോൻ സഭയിൽ പറഞ്ഞത്. ഏതു തരം ജനാധിപത്യരീതിയാണ് ഇതെന്ന് കോൺഗ്രസ് വ്യക്തമാക്കണം. ഇത്തരം രീതികൾക്കെതിരെ കർശന നടപടി കൈക്കൊള്ളാനും ജാഗ്രത പുലർത്താനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.