ktda

കാട്ടാക്കട: കാട്ടാക്കട കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ അവഗണയിൽ. പൂവച്ചൽ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയെ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാക്കി ഉയർത്തിയത്. ഇതോടെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലായി. വർഷങ്ങളായി സി.എച്ച്.സിയായി രേഖകളിലുണ്ടെങ്കിലും ഇപ്പോഴും ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യം മാത്രമാണുള്ളത്. കാട്ടാക്കട താലൂക്ക് ആസ്ഥാനമായി മാറിയതോടെ ഈ ആശുപത്രി താലൂക്ക് ആശുപത്രിയായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ താലൂക്ക് ആശുപത്രി മലയിൻകീഴിലേക്ക് മാറി. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്ന നിലയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ വേണമെന്നിരിക്കെ ഇതേവരെ അത്തരത്തിലുള്ള ഡോക്ടർമാരെ നിയമിച്ചിട്ടില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വാർഡുകൾ കിടക്കയ്ക്കായി ഉണ്ടെങ്കിലും രാത്രികാലങ്ങളിൽ ഡോക്ടർമാർ ഇല്ലെന്ന കാരണത്താൽ പലപ്പോഴും രോഗികളെ കിടത്താറില്ല. സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പലപ്പോഴും രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയുള്ള പുതിയ കെട്ടിടം പൂർത്തിയായാൽ പ്രത്യേക ഒ.പിയും രണ്ടു ഡോക്ടർമാരുടെ മുറികളും സജ്ജീകരിക്കാനാകും. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് വേണ്ട മൂന്നിലൊന്ന് ജീവനക്കാർ പോലും ഇവിടെയില്ല. ആശുപത്രിയിൽ ആവശ്യമായ ജീവനക്കാരെ താത്കാലികമായി നിയമിക്കാം എന്ന ആരോഗ്യ വകുപ്പിന്റെ നിർദേശം ഉണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. സൗകര്യങ്ങൾ ഒരുക്കണമെങ്കിൽ ഇനിയും കെട്ടിടങ്ങൾ വേണം.