jobs

തിരുവനന്തപുരം: എൽ.പി.എസ്.എ, യു.പി.എസ്.എ തസ്തികയിലേക്കുള്ള നൂറുകണക്കിന് ഉദ്യോഗാർഥികളുടെ ഓൺലൈൻ അപേക്ഷ കാണാതായ സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന സാങ്കേതിക സമിതി റിപ്പോർട്ട് പി.എസ്.സി തള്ളി.

ഒരു തസ്തികക്ക് മാത്രം ഇത്രയേറെ പരാതികൾ വന്നത് സാങ്കേതിക പിഴവല്ലെങ്കിൽ മറ്റെന്താണെന്ന് റിപ്പോർട്ടിൽ വ്യക്തയില്ലാത്ത സാഹചര്യത്തിലാണിത്. സംഭവം വീണ്ടും പരിശോധിക്കും.. പരാതിക്കാരായ ഉദ്യോഗാർഥികളുടെ പ്രൊഫൈൽ പരിശോധിച്ച് വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ നടന്ന കമ്മിഷന യോഗം സെക്രട്ടറിക്ക് നിർദേശം നൽകി.
പി.എസ്.സിയിലെ സിസ്റ്റം മാനേജർ നൽകിയ റിപ്പോർട്ടിൽ ആശയക്കുഴപ്പമുണ്ടായതിനെ തുടർന്നാണ് പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ധരെ അന്വേഷിക്കാൻ നിയോഗിച്ചിരുന്നത്. സമയക്കുറവ് കാരണം ചിലരുടെ പ്രൊഫൈൽ മാത്രം പരിശോധിച്ച് ചെയർമാന് റിപ്പോർട്ട് നൽകുകയായിരുന്നു. നിയമനടപടിയുണ്ടായാൽ കോടതിയിൽ ബോധിപ്പിക്കാൻ വ്യക്തമായ ഉത്തരം വേണമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. 150ഓളം ഉദ്യോഗാർഥികളുടെ പരാതികൾ പി.എസ്.സി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വീണ്ടും വിദഗ്ധർ പരിശോധിക്കും.

ജേണലിസം ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് ബി.എഡ് ഇല്ലാത്തവരെ പരിഗണിക്കേണ്ടെന്ന് പി.എസ്.സി തീരുമാനിച്ചു. ജേണലിസത്തിലോ ഇതര വിഷയത്തിലോ ബി.എഡ് ഉള്ളവരുടെ അഭാവത്തിൽ മാത്രമേ അതില്ലാത്തവരെ പരിഗണിക്കേണ്ടതുള്ളൂ എന്നാണ് ചട്ടത്തിലെ വ്യവസ്ഥ. മെയിൻ ലിസ്റ്റിൽ ആളില്ലാത്തതിനാൽ കാലാവധിക്ക് മുമ്പ് റദ്ദായ ചില ജില്ലകളിലെ എൽ.പി.സ്‌കൂൾ അധ്യാപക റാങ്ക് ലിസ്റ്റ് വിപുലീകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 392/18 വിജ്ഞാപന പ്രകാരം ഹെഡ് ഓഫ് സെക്ഷൻ- കമ്പ്യൂട്ടർ ആപ്ലക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് (സർക്കാർ പോളിടെക്നിക്) (എൻ.സി.എ.- ഈഴവ) തസ്തികയിൽ ഇന്റർവ്യൂ നടത്താനും പട്ടികജാതി വികസന വകുപ്പിൽ കാറ്റഗറി നമ്പർ 251/17 വിജ്ഞാപന പ്രകാരം ട്രെയിനിങ് ഇൻസ്ട്രക്ടർ- പ്ലംബർ തസ്തികയിൽ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.

16 ന് അഭിമുഖം

സംസ്ഥാന പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ കമ്പനി സെക്രട്ടറി കം ഫിനാൻസ് മാനേജർ , കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡിവിഷണൽ അക്കൗണ്ടന്റ് (എൻ.സി.എ.- പട്ടികജാതി) തസ്തികയിലേക്കും 16 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിന്ദി തസ്തികയിലേക്ക് 16, 17, 18 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിലും 16 ന് കോഴിക്കോട് മേഖലാ ഓഫീസിലും വച്ച് അഭിമുഖം നടത്തും.