തിരുവനന്തപുരം: ഓണത്തിന് ശേഷം അഞ്ചു ജില്ലകളിലെ രോഗവ്യാപന നിരക്ക് വർദ്ധിച്ചതായി ആരോഗ്യവകുപ്പ്. തിരുവനന്തപുരം,കൊല്ലം,കോട്ടയം,കണ്ണൂർ,കാസർകോട് ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഓണത്തിന് മുൻപുള്ളതിനേക്കാൾ വർദ്ധിച്ചെന്ന് ആരോഗ്യവകുപ്പ് പ്രതിവാര അവലോകന റിപ്പോർട്ടിൽ പറയുന്നു.
ഇതിൽ രോഗവ്യാപനം രൂക്ഷം കാസർകോടാണ്. 14.3 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി. അതായത് 100ൽ 14പേർ രോഗികളാകുന്ന സ്ഥിതി. തിരുവനന്തപുരം 13.6,കണ്ണൂർ 12.6,കൊല്ലം 8,കോട്ടയം 7.8. ആലപ്പുഴയിൽ നടത്തുന്ന പരിശോധനാരീതി മികച്ചതാണെന്നും രോഗവ്യാപനം കുറയ്ക്കാനും പരിശോധന വർദ്ധിപ്പിക്കാനും ഇത് സഹായകരമായെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
മണമില്ലെങ്കിൽ പരിശോധന
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മണം നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ സ്വയം തിരിച്ചറിഞ്ഞ് ജനങ്ങൾ പരിശോധനയ്ക്ക് സന്നദ്ധരാകണമെന്ന് ആരോഗ്യവകുപ്പ്. ഇതിനായി പ്രദേശികതലത്തിൽ ആരോഗ്യപ്രവർത്തകർ കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകണമെന്നും പുതിയ രോഗികളെ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.