തിരുവനന്തപുരം: ബാംഗ്ലൂർ മോഡലിൽ നഗരത്തിലെ തെരുവ് കച്ചവടക്കാർക്കായി പ്രത്യേക മേഖലകളിൽ കച്ചവടകേന്ദ്രങ്ങളൊരുക്കാൻ പദ്ധതി. നഗരസഭയുടെ സ്മാർട്ട് സിറ്റി പ്രോജക്ടിന്റെ ഭാഗമായാണ് നഗരത്തിലെ 10 കേന്ദ്രങ്ങളിൽ സ്ട്രീറ്റ് വെൻഡിംഗ് സോണുകൾ തയ്യാറാകുന്നത്. ആദ്യത്തേത് മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തെ സൂര്യകാന്തി റോഡിലാണ്. സമീപ പ്രദേശങ്ങളിൽ നിലവിലുള്ള തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രോജക്ടിനായുള്ള ടെൻഡർ നടപടികൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. നഗരത്തിലെ റോഡുകളിൽ കച്ചവടം നടത്തുന്ന തെരുവ് കച്ചവടക്കാരെയെല്ലാം ഒരു കേന്ദ്രത്തിലേക്ക് മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരത്തിന്റെ പൗരാണികതയ്ക്ക് മാറ്റം വരുത്താതെയും ഗതാഗതത്തിന് തടസം ഉണ്ടാകാത്ത വിധത്തിലുമാണ് കച്ചവടകേന്ദ്രങ്ങൾ ഒരുക്കുന്നത്. തെരുവ് കച്ചവടം നടത്തുന്നവരുടെ ലിസ്റ്റ് ഇതിനോടകം നഗരസഭ ശേഖരിച്ചിട്ടുണ്ട്. ഇവരെയാണ് ഇത്തരം കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന റോഡിനെ വികസിപ്പിച്ച് പ്രത്യേക മാതൃകയിൽ ഇരുവശത്തും തെരുവ് കച്ചവടക്കാർക്കായുള്ള കടകൾ നിർമ്മിക്കും. ഓരോ തെരുവ് കച്ചവട കേന്ദ്രങ്ങളുടെയും സമീപമായി നിലവിൽ കച്ചവടം നടത്തുന്നവർക്കാകും സൗജന്യമായി കടകൾ അനുവദിക്കുക. പൂജപ്പുരയിലും കിഴക്കേകോട്ടയിലെ ചിത്തിര തിരുനാൽ പാർക്കിന് സമീപത്തുമടക്കം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി 10 തെരുവ് കച്ചവട കേന്ദ്രങ്ങളാണ് തയ്യാറാകുന്നത്. 2014-ലെ തെരുവ് കച്ചവടക്കാരുടെ സംരക്ഷണ നിയന്ത്രണ നിയമം അനുസരിച്ച് ഇവർക്ക് ലൈസൻസുകൾ നൽകാനും പ്രത്യേക കച്ചവട മേഖലകൾ സ്ഥാപിക്കാനും തദ്ദേശ സ്ഥാപനങ്ങളോട് വ്യവസ്ഥ ചെയ്തിരുന്നു. ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് പദ്ധതി തയ്യാറാകുന്നത്.
തെരുവ് കച്ചവടക്കാരുടെ ലിസ്റ്റ് തയ്യാർ
നഗരത്തിലെ തെരുവ് കച്ചവടക്കാരുടെ നിലവിലെ വില്പന സ്ഥലങ്ങളും വിൽപ്പനയുടെ സ്വഭാവവും അടിസ്ഥാനമാക്കി നഗരസഭയുടെ നേതൃത്വത്തിൽ 2017 ൽ പട്ടിക തയ്യാറാക്കിയിരുന്നു. സാധനങ്ങൾ നിലത്തുവച്ച് കച്ചവടം നടത്തുന്നവർ, താത്കാലികമായി തയ്യാറാക്കിയ സ്റ്റാളുകളിൽ കച്ചവടം നടത്തുന്നവർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ എന്നിങ്ങനെയാണ് കച്ചവടക്കാരെ തരംതിരിച്ചത്.