തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന്റെ സസ്‌പെൻഷൻ നാലു മാസം കൂടി നീട്ടി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശയിലാണ് ഇന്ന് മുതൽ 120 ദിവസത്തേക്ക് നീട്ടിയത്.
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴിൽ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് എന്നിവരടങ്ങിയതാണ് സമിതി. സിവിൽ സർവ്വീസ് ചട്ടപ്രകാരമുള്ള സാധാരണ നടപടി മാത്രമാണിതെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിലാണ് ശിവശങ്കറെ സസ്‌പെൻഡ് ചെയ്‌തത്.