തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റ് ഇന്നലെ ആരംഭിച്ചെങ്കിലും തിരുവനന്തപുരം ഉൾപ്പെടെയുള്ള ഓട്ടോമാറ്റിക് സെൻസർ സംവിധാനമുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ടെസ്റ്റ് നടക്കാൻ ഒരാഴ്ച കൂടി കഴിയും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇവിടത്തെ കാമറയെല്ലാം അഴിച്ചുമാറ്റിയിരുന്നു. വണ്ടി ഓടിക്കേണ്ട സ്ഥലത്ത് പുല്ലുവളർന്ന നിലയിലാണ്. വയറിംഗ് സംവിധാനം എലി കടിച്ചുമുറിക്കുകയും ചെയ്‌തു. ഇത് നന്നാക്കാൻ ചെന്നൈയിൽ നിന്നും സാങ്കേതിക വിദഗ്ദ്ധർ എത്തണം. നഗരത്തിൽ ഇന്നലെ ടെസ്റ്റിന് ഹാജരാകേണ്ടവരെല്ലാം സ്ഥലത്ത് എത്തിയെങ്കിലും ആരെയും കാണാത്തതോടെ മടങ്ങുകയായിരുന്നു. അതേസമയം ഓൺലൈൻ വഴി ഇന്നും നാളെയും അപേക്ഷകർക്ക് ഡ്രൈവിംഗ് ടെസ്റ്റിനെത്തേണ്ട സമയവും അനുവദിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. പുതിയ തീയതി സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ഔദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ല.